ഹേഗ്: ഗസ്സയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ ​പേരെ കൂട്ട​ക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്ത് യുദ്ധക്കുറ്റം ചെയ്യുന്നതിനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനും അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ്. ഐ.സി.സി പ്രീ-ട്രയൽ ചേംബർ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായാണ് ഇവർക്കെതി​രെ വാറന്റ് പുറപ്പെടുവിച്ചത്.

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി ഐ.സി.സി പ്രോസിക്യൂട്ടർ കരീം ഖാൻ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ വിചാരണയ്ക്കിടെയാണ് നെതന്യാഹുവിനും ഗാലൻറിനും എതിരെയുള്ള നടപടി. ഹമാസ് നേതാവ് മുഹമ്മദ് ദഈഫിന് എതിരെയും കോടതിയുടെ വാറന്റുണ്ട്. എന്നാൽ, ദഈഫിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ഹമാസ് ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

നെതന്യാഹുവും ഗാലന്റും ചേർന്ന് ഗസ്സയിലെ സാധാരണക്കാർക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം തുടങ്ങിയ അവശ്യ സേവനങ്ങൾ നിഷേധിച്ചത് കടുത്ത മാനുഷിക പ്രതിസന്ധിക്കും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മരണങ്ങളിലേക്കും നയിച്ചതായി കോടതി കണ്ടെത്തി. കൊലപാതകം, പീഡനം തുടങ്ങി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ഇരുവരും ചേർന്ന് നടത്തിയതായും പട്ടിണിക്കിടുന്നത് യുദ്ധരീതിയായി സ്വീകരിച്ചതിലൂടെ യുദ്ധക്കുറ്റം
ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹമാസിനെതി​​രെ എന്നപേരിൽ ഇസ്രായേൽ ഗസ്സയിൽ 14 മാസമായി നടത്തുന്ന കൂട്ട നശീകരണത്തിൽ അരലക്ഷത്തോളം സാധാരണക്കാരാണ് മരിച്ചുവീണത്. ലക്ഷക്കണക്കിനാളുകൾ പലായനത്തിന് വിധേയരായി. ഗസ്സയിലെ സകല ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബിട്ട് തകർത്തു. പ്രതികൾ മനഃപൂർവം സാധാരണക്കാരെയും ആരോഗയസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടതായും ഇത് വലിയ ദുരന്തത്തിന് ഇടയാക്കിയെന്നും കോടതി പറഞ്ഞു. 2023 ഒക്ടോബർ 8 മുതൽ 2024 മെയ് 20 വരെയുള്ള കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് കോടതി വിധി.


ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം, മെഡിക്കൽ സപ്ലൈ എന്നിവയുടെ അഭാവം ഗസ്സയിലെ സാധാരണക്കാർ കടുത്ത ദുരന്തമാണ് സൃഷ്ടിച്ചത്. പോഷകാഹാരക്കുറവും നിർജ്ജലീകരണവും കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ മരണത്തിന് കാരണമായതായും ഐസിസി പറഞ്ഞു.

വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ നെതന്യാഹുവോ ഗാലന്റോ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളിൽ എതിലേക്കെങ്കിലും യാത്ര ചെയ്താൽ ഇരുവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. അറസ്റ്റിലായാൽ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയിൽ ഹാജരാക്കും. എന്നാൽ, ഇസ്രായേലും പ്രധാന സഖ്യകക്ഷിയായ അമേരിക്കയും ഐ.സി.സിയെ അംഗീകരിക്കുകയോ അംഗത്വം എടുക്കുകയോ ചെയ്യാത്തതിനാൽ കോടതി ഉത്തരവ് നടപ്പാക്കുന്നതിന് പ്രായോഗിക പരിമിതിയുണ്ട്.

കോടതി ഉത്തരവോടെ നെതന്യാഹുവും ഗാലന്റും അന്താരാഷ്ട്ര തലത്തിൽ ‘വാണ്ടഡ് ലിസ്റ്റിൽ’ ഉൾപ്പെടും. ഇത് ഇരുവരെയും ഇസ്രായേലിനെ മൊത്തത്തിലും കൂടുതൽ ഒറ്റപ്പെടുത്തുന്നതിനും ഇടയാക്കും. കോടതി വിധി നടപ്പാക്കാൻ 
ഇസ്രയേലി​ന്റെ അംഗീകാരം ആവശ്യമില്ലെന്നും ഐ.സി.സി വ്യക്തമാക്കി.
 

Post a Comment

Previous Post Next Post