തിരുവനന്തപുരം:
സംസ്ഥാനത്ത്‌ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ ഒരു കുടക്കീഴിലാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രായമായവർ, രോഗശയ്യയിലുള്ളവർ എന്നിവരെ ഭേദങ്ങളില്ലാതെ ഉൾക്കൊള്ളുന്ന പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 നേതൃത്വം തദ്ദേശവകുപ്പിനായിരിക്കും. ആരോഗ്യം, സാമൂഹ്യനീതി വകുപ്പുകളുടെ സഹായമുണ്ടാകും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള ആരും ഒഴിവാകാൻ പാടില്ലെന്നും എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാവരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ആരോഗ്യ, സാമൂഹ്യനീതി, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിലും അല്ലാതെയും പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളുണ്ട്. സന്നദ്ധപ്രവർത്തകരുമുണ്ട്. 

ഇവരെയെല്ലാം ഏകോപിപ്പിച്ച് പദ്ധതിയുടെ ഭാഗമാക്കും.  
എല്ലാ പാലിയേറ്റീവ് കെയർ സംവിധാനങ്ങളെയും ഒരുമിപ്പിക്കാനുള്ള രൂപരേഖ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

 ജില്ലാ കലക്ടറും പ്രാദേശിക തലങ്ങളിൽ തദ്ദേശസ്ഥാപന മേധാവികളും നേതൃത്വം വഹിക്കണം. ഇത്തരം സ്ഥാപനങ്ങളുടെയും വളണ്ടിയർമാരുടെയും രജിസ്ട്രേഷൻ തദ്ദേശയംഭരണ തലത്തിൽ നടത്തും. പരാതികൾ പരിഹരിക്കാൻ അപ്പലറ്റ് സംവിധാനമുണ്ടാകും. വളണ്ടിയർമാർക്കും നഴ്സുമാർക്കും പരിശീലനം നൽകും. തദ്ദേശ സ്ഥാപന മേധാവികളുടെയും രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും പ്രധാന ചാരിറ്റി സംരംഭകരുടെയും യോഗം പ്രത്യേകം വിളിക്കും.
യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, വീണാ ജോർജ്‌, ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ പുനീത് കുമാർ, രാജൻ ഖോബ്രഗഡെ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

Previous Post Next Post