തിരുവമ്പാടി :
കേരള കാർഷിക വകുപ്പ് മന്ത്രിയായിരുന്ന അന്തരിച്ച സിറിയക് ജോണിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സിറിയക് ജോൺ അനുസ്മരണ സമിതി ഏർപ്പെടുത്തിയ 'സിറിയക് ജോൺ കർഷക പ്രതിഭാ പുരസ്കാരം' തിരുവമ്പാടി, ആനക്കാംപൊയിൽ സ്വദേശിയായ എമേഴ്സൻ ജോസഫ് കല്ലോലിക്കലിന് ലഭിച്ചു. മികച്ച സമ്മിശ്ര കർഷകനായ എമേഴ്സൻ ജോസഫ് ഇതിന് മുമ്പ് കോഴിക്കോട് ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനായും കൊടുവള്ളി ബ്ലോക്കിലെ മികച്ച സമ്മിശ്ര കർഷകനായും തിരഞ്ഞെടുക്കപ്പട്ടിട്ടുള്ള വ്യക്തിയാണ്. 

നല്ലൊരു സഹകാരി കൂടിയായ എമേഴ്സൻ ആനക്കാംപൊയിൽ ക്ഷീര സംഘം പ്രസിഡണ്ടായും തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ തിരുവമ്പാടി പഞ്ചായത്ത് ഫാം ടൂറിസ സൊസൈറ്റി ഭാരവാഹിയുമാണ്. 

ഡിസംബർ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കോഴിക്കോട്  സി.എസ്.ഐ. ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ വച്ച് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പുരസ്കാരം സമ്മാനിച്ച് ആദരിക്കും. 

അവാർഡ് ജേതാവ് എമേഴ്സൻ കല്ലോലിക്കലിനെയും കൃഷി ഓഫീസർ മുഹമ്മദ് ഫാസിലിന്റെ നേതൃത്വത്തിലുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥരേയും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ അനുമോദിക്കുകയും തിരുവമ്പാടി പഞ്ചായത്തിലെ  കര്‍ഷികർക്ക് തുടർച്ചയായി അംഗീകാരങ്ങൾ നേടുവാനാവുന്നതിൽ പഞ്ചായത്ത് ഭരണസമിതിയുടെ സന്തോഷവും സംതൃപ്തിയും പങ്കുവയ്ക്കുകയും ചെയ്തു.

Post a Comment

Previous Post Next Post