കൽപറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാൻ മണിക്കൂറുകൾ. പോളിങ് ശതമാനത്തിൽ വൻ ഇടിവുണ്ടായത് മൂന്നു മുന്നണികളുടെയും നെഞ്ചിടിപ്പ് വർധിപ്പിക്കുമ്പോഴും പ്രിയങ്ക ഗാന്ധിയുടെ വിജയത്തിന്റെ കാര്യത്തിൽ ആർക്കും ശങ്കയില്ല. അതേസമയം, പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടുമോയെന്ന കാര്യത്തിൽ യു.ഡി.എഫ് ക്യാമ്പിൽതന്നെ ആശങ്കയുണ്ടുതാനും.
കോൺഗ്രസിന്റെ ദേശീയ നേതൃനിരയൊന്നടക്കം എത്തിയതോടെ പ്രചാരണ കാലത്ത് വൻ ആരവമാണ് യു.ഡി.എഫ് ക്യാമ്പിൽ ഉണ്ടായതെങ്കിലും പോളിങ് ശതമാനം കുറഞ്ഞത് മുന്നണിയിൽ വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ തവണ 73.48 ശതമാനമായിരുന്ന പോളിങ് ഇത്തവണ 64.72ലേക്കാണ് ഇടിഞ്ഞത്, 8.85 ശതമാനത്തിന്റെ കുറവ്. പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷം ഉണ്ടാകുമെന്നായിരുന്നു യു.ഡി.എഫിന്റെ അവകാശവാദം. എന്നാൽ, വോട്ടിങ് ശതമാനം കുറഞ്ഞതോടെ 3,64,422 എന്ന കഴിഞ്ഞ തവണത്തെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിലെത്തുമെന്ന വിശ്വാസമാണ് ഇപ്പോൾ പലരും പങ്കുവെക്കുന്നത്.
അതേസമയം, വോട്ടിങ് ശതമാനം കുറഞ്ഞത് തങ്ങളുടെ വോട്ട് കുറയാൻ കാരണമാകില്ലെന്ന് മൂന്ന് മുന്നണികളും ആവർത്തിച്ച് പറയുന്നുണ്ട്.
പ്രിയങ്കയുടെ ആദ്യ തെരഞ്ഞെടുപ്പ് അങ്കമായത് കാരണം റെക്കോഡ് ഭൂരിപക്ഷം നൽകി പാർലമെന്റിലേക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾ യു.ഡി.എഫ് മാസങ്ങൾക്ക് മുമ്പുതന്നെ ആരംഭിച്ചിരുന്നു.
എന്നാൽ, പ്രചാരണത്തിലെ ആവേശം വോട്ടുകൾ പെട്ടിയിലാക്കുന്ന കാര്യത്തിൽ കോൺഗ്രസിനുണ്ടായിട്ടില്ലെന്ന ആരോപണം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിങ്. ഇവിടെ ആകെയുള്ള 2,27,489 വോട്ടുകളിൽ 1,42,591 വോട്ടുകൾ മാത്രമാണ് പെട്ടിയിലായത്. കഴിഞ്ഞ തവണ 72.52 ശതമാനമായിരുന്നു ബത്തേരിയിലെ പോളിങ്. ഇത്തവണ അത് 62.68 ആയി. 9.92 ശതമാനത്തിന്റെ കുറവ്. മറ്റ് മണ്ഡലങ്ങളിലും ഇടിവുണ്ടായി.
തോൽക്കുമെന്ന് ഉറപ്പുള്ള മത്സരത്തിൽ അവസാന ലാപ്പിൽ മുഖ്യമന്ത്രിയെ വരെ പ്രചാരണത്തിനിറക്കിയായിരുന്നു എൽ.ഡി.എഫ് പ്രവർത്തനം. അതേസമയം, പ്രചാരണത്തിൽ സി.പി.എം വേണ്ടത്ര രംഗത്തുണ്ടായില്ലെന്ന് സി.പി.ഐക്ക് തന്നെ പരിഭവമുണ്ട്. 2014ൽ കോൺഗ്രസിന്റെ എം.ഐ. ഷാനവാസിനെതിരെ മത്സരിച്ച സത്യൻ മൊകേരി 3,56,165 (28.51 ശതമാനം) വോട്ടുകൾ നേടിയിരുന്നു.
കഴിഞ്ഞ തവണ രാഹുലിനെതിരെ ആനിരാജ നേടിയത് 2,83,023 വോട്ടുകളാണ്. ഇത്തവണയും സത്യൻ മൊകേരി വൻതോതിൽ വോട്ടുകൾ നേടിയാൽ അത് പ്രിയങ്കയുടെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കും. ഉപതെരഞ്ഞെടുപ്പിനോടുള്ള ജനങ്ങളുടെ താൽപര്യക്കുറവും പ്രിയങ്ക ജയിക്കുമെന്ന ഉറപ്പും മറ്റു പ്രദേശങ്ങളിൽ ജോലിചെയ്യുന്നവർ അവധിയില്ലാത്തതിനാൽ വോട്ടെടുപ്പിന് എത്താതിരുന്നതും പുറത്തു പഠിക്കുന്ന വിദ്യാർഥികൾ വോട്ട് ചെയ്യാനെത്താൻ വലിയ താൽപര്യം കാണിക്കാതിരുന്നതും പോളിങ് ശതമാനം കുറയാൻ കാരണമായതായാണ് വിലയിരുത്തൽ.
Post a Comment