പാലക്കാട്: ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ, കോൺഗ്രസ് നേതാക്കൾ സന്ദീപിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് ക്ഷണിച്ചു.
ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്ന് സന്ദീപ് വാര്യർ.
ബിജെപി ഏകാധിപത്യ പ്രവണതയുള്ള സംഘടനയെന്നും ബിജെപിയിൽ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
ബിജെപി വിടാൻ കാരണം സുരേന്ദ്രനും സംഘവുമാണ്.
ടെലിവിഷൻ ചർച്ചകളിൽ നിന്നും ബിജെപി വിലക്കി. താൻ ബിജെപിയിൽ നേരിട്ടത് ഒറ്റപ്പെടലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഇനിമുതൽ ഞാൻ കോൺഗ്രസിന്റെ സ്നേഹത്തിന്റെ കടയിൽ തുടരും. കോൺഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണെന്നും സന്ദീപ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൻറെ നിർണ്ണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്.
നേരത്തെ ചില പരാതികളുടെ പേരിൽ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.
Post a Comment