ഇന്ന് ശിശുദിനം. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് കുഞ്ഞുങ്ങളോടുണ്ടായിരുന്ന സ്‌നേഹവായ്പുകളുമാണ് ഈ ദിവസം ശിശുദിനമായി ആചരിക്കാൻ കാരണം. നെഹ്രുവിന്റെ 135-ാം പിറന്നാൾ ദിനമാണ് ഇന്ന്.


കുട്ടികൾ ഒരു പൂന്തോട്ടത്തിലെ മുകുളങ്ങൾ പോലെയാണ്, അവരെ ശ്രദ്ധയോടെയും സ്‌നേഹത്തോടെയും വളർത്തണം, കാരണം അവർ രാജ്യത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ മെച്ചപ്പെട്ട ക്രമം കെട്ടിപ്പടുക്കാൻ കഴിയൂ. കുട്ടികളെപ്പറ്റി പറയുമ്പോൾ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ വാക്കുകളിൽ ആത്മാർത്ഥതയും സ്‌നേഹവും വാത്സല്യവുമൊക്കെ എപ്പോഴും നിറഞ്ഞുനിന്നിരുന്നു. ചാച്ചാജി എന്നാണ് നെഹ്രുവിനെ കുഞ്ഞുങ്ങൾ സ്‌നേഹപൂർവം വിളിച്ചിരുന്നത്.

കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ദോഷകരമായി ബാധിക്കുന്നതെന്തും രാജ്യത്തേയും ബാധിക്കുമെന്നായിരുന്നു നെഹ്രുവിന്റെ പക്ഷം. ജാതിമത വേർതിരിവുകളില്ലാത്ത, പരസ്പര സ്‌നേഹത്തിൽ കെട്ടിപ്പടുക്കേണ്ടതാണ് കുട്ടികൾക്കിടയിലെ സൗഹൃദമെന്ന് നെഹ്രു വിശ്വസിച്ചു. കുട്ടികളുടെ ക്ഷേമത്തിനായി സദാ പ്രതിബദ്ധനായിരുന്നു നെഹ്രു.

ശാസ്ത്രീയ അറിവിൽ നെഹ്രു വിശ്വസിക്കുകയും എല്ലാ പഠനങ്ങളും യുക്തിയെ അടിസ്ഥാനമാക്കി വേണമെന്ന് ശഠിക്കുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനൽകാനുള്ള തീരുമാനമെടുത്തത് നെഹ്റുവിന്റെ കാലത്താണ്. 

"ഐ ഐ ടികൾ, ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എന്നിവയെല്ലാം തന്നെ നെഹ്രുവിന്റെ കാലത്താണ് യാഥാർത്ഥ്യമായത്.

തകർന്ന കുടുംബബന്ധങ്ങളും സാമൂഹികവും സാമ്പത്തികമായുള്ള പിന്നാക്കാവസ്ഥയുമെല്ലാം പുതിയ ഇന്ത്യയിൽ കുട്ടികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഒരു കോടിയിൽപരം ബാലതൊഴിലാളികൾ ഇന്ത്യയിലുണ്ടെന്നാണ് യൂണിസെഫിന്റെ കണക്കുകൾ. ലഹരി ഉപയോഗം കുട്ടികൾക്കിടയിൽ വർധിച്ചുവരുന്നു. ഇതിനെ നാം ശക്തമായി പ്രതിരോധിക്കേണ്ടിയിരിക്കുന്നു. അതാകട്ടെ, ഈ ശിശുദിനത്തിലെ നമ്മുടെ പ്രതിജ്ഞ. നെഹ്രുവിനോടുള്ള സ്‌നേഹാദരങ്ങൾ പ്രകടിപ്പിക്കാൻ അതിനേക്കാൾ നല്ല മാർഗം മറ്റൊന്നില്ല.

Post a Comment

Previous Post Next Post