ന്യൂഡൽഹി: വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിലാകമാനം മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത് ജില്ലയിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അതിനാൽ ഈ തീരുമാനം കമീഷൻ പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ഹാരിസ് ബീരാൻ എം.പി കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.

 45 ലക്ഷം ജനങ്ങളുള്ള മലപ്പുറം ജില്ലയിൽ 16 നിയമസഭാ മണ്ഡലങ്ങളുണ്ടെന്നും ഇതിൽ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങൾ മാത്രമാണ് വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായുള്ളതെന്നും ഹാരിസ് ബീരാൻ ചുണ്ടിക്കാട്ടി.

മാതൃകാ പെരുമാറ്റച്ചട്ടം മലപ്പുറം ജില്ലയിലാകെ ബാധകമാക്കിയതുമൂലം ബാക്കി വരുന്ന 13 നിയമസഭാ മണ്ഡലങ്ങളിലും പുതിയ പദ്ധതികൾ ആരംഭിക്കാനോ കരാറിൽ ഏർപ്പെടാനോ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനോ കഴിയാത്ത അവസ്ഥയിലാണ്. ഈ തീരുമാനം മൂലം തദ്ദേശസ്ഥാപനങ്ങൾ പ്രയാസപ്പെടുകയാണെന്നും അതിനാൽ ജില്ലയിലെ സാധാരണ ജനങ്ങളെയും അവരുടെ ആവശ്യങ്ങളും പരിഗണിച്ച് വയനാട് പാർലമെന്റ് മണ്ഡലത്തിനു പുറത്തുള്ള ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലെയും മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കണമെന്നും ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post