ഓമശ്ശേരി: ഓമശ്ശേരി വിദ്യാപോഷിണി എ.എൽപി.സ്കൂളിൽ നടന്ന കൊടുവള്ളി ഉപ ജില്ലാ പ്രവൃത്തി പരിചയമേളക്ക് ഉജ്ജ്വല പരിസമാപ്തി.കൊടുവള്ളി സബ് ജില്ലയിലെ അറുപതോളം വിദ്യാലയങ്ങളിൽ നിന്നായി എൽ.പി,യു.പി,സെക്കണ്ടറി,ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർത്ഥികളും മുന്നൂറോളം അധ്യാപകരും ഏകദിന മേളയിൽ പങ്കെടുത്തു.
സമാപന സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.വിദ്യാപോഷിണി സ്കൂൾ മാനേജർ എ.കെ.അബ്ദുല്ല,ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,സബ് കമ്മിറ്റി ചെയർമാൻ യു.കെ.ഹുസൈൻ,വി.ഷാഹിന ടീച്ചർ,വാദിഹുദ സ്കൂൾ പ്രൻസിപ്പൽ ഷമീം അലി,സക്കീർ പുറായിൽ എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ജനറൽ കൺവീനറും വിദ്യാപോഷിണി എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപകനുമായ കെ.വി.ഷമീർ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡണ്ട് എ.കെ.മുഹമ്മദലി(സുറുമ) നന്ദിയും പറഞ്ഞു.പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.അബ്ദുൽ നാസർ തുടങ്ങിയവർ മേള സന്ദർശിച്ചു.
എൽ.പി.വിഭാഗത്തിൽ എ.എൽ.പി.എസ് മുട്ടാഞ്ചേരി ഒന്നാംസ്ഥാനവും ആതിഥേരായ ഓമശ്ശേരി വിദ്യാപോഷിണി എ.എൽ.പി.സ്കൂൾ രണ്ടാം സ്ഥാനവും ജി.യു.പി.എസ് ആരാ(മ്പം മുന്നാം സ്ഥാനവും കരസ്ഥമാക്കി.യു.പി.വിഭാഗത്തിൽ എം.എം.എ.യു.പി.എസ്.ആവിലോറ(ഫസ്റ്റ് ),ഹസനിയ എ.യു.പി.എസ് മുട്ടാഞ്ചേരി (സെക്കന്റ്),എ.യു.പി.എസ് എരവന്നൂർ (തേർഡ്) എന്നിവരാണ് ജേതാക്കൾ.ഹൈസ്കൂൾ തലത്തിൽ ഗവ:ഹൈസ്കൂൾ നരിക്കുനി ഒന്നാമതെത്തി.ചക്കാലക്കൽ ഹൈസ്കൂൾ മടവൂരിന് രണ്ടാം സ്ഥാനവും എം.ജെ.ഹൈസ്കൂൾ എളേറ്റിലിന് മൂന്നാം സ്ഥാനവും ലഭിച്ചു.ഹയർ സെക്കണ്ടറി വിഭാഗത്തിലെ മൽസരത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മടവൂർ (ഫസ്റ്റ്),ഗവ:ഹയർ സെക്കണ്ടറി സ്കൂൾ നരിക്കുനി (സെക്കന്റ്),എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എളേറ്റിൽ (തേർഡ്) ജേതാക്കളായി.
പൊതുജന പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും മേള ശ്രദ്ധേയമായിരുന്നു.മികച്ച സൃഷ്ടികൾ കൊണ്ട് വിദ്യാർത്ഥി പ്രതിഭകളുടെ പ്രാഗൽഭ്യം തെളിയിക്കുന്നതായിരുന്നു ഏകദിന പ്രവൃത്തി പരിചയ മേള.ശാസ്ത്രീയ അഭിരുചിയും മനോഭാവവും അന്വേഷണ ത്വരയുമുള്ള സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിനാണ് പ്രവൃത്തി പരിചയ മേള സംഘടിപ്പിക്കുന്നത്.
ഫോട്ടോ:കൊടുവള്ളി ഉപജില്ലാ പ്രവൃത്തി പരിചയ മേളയുടെ സമാപന സംഗമം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്റഫ് മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
Post a Comment