തൊടുപുഴ: പരിസ്ഥിതി ലോലമേഖല (ഇ.എസ്.എ) കരട് വിജ്ഞാപനത്തിൽ ആശങ്ക നിലനിൽക്കെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തീർണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ കണക്കിൽ ആശയക്കുഴപ്പം. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലും ഈ വ്യക്തത കുറവുണ്ട്. ഇതോടെ റവന്യൂ ഭൂമിയും കർഷകരുടെ കൈവശ ഭൂമിയും ഉൾപ്പെടെ അധികമായി നാല് ലക്ഷം ഏക്കർ ഭൂമി അന്തിമ വിജ്ഞാപനത്തിൽ ഇ.എസ്.എയിൽ ഉൾപ്പെടാൻ സാധ്യതയേറി.
2017 മേയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ 9107 ചതുരശ്ര കിലോമീറ്റർ വനപ്രദേശം മാത്രം ഇ.എസ്.എ ആയി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതിനോടു യോജിച്ചില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. തുടർന്ന് 92 വില്ലേജുകളിലായി 8656.46 ചതുരശ്ര കിലോമീറ്ററാണ് ഇ.എസ്.എ എന്ന് തിരുത്തി. മുമ്പ് 9107 ചതുരശ്ര കിലോമീറ്ററായി ഇ.എസ്.എ നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സർക്കാർ പിന്നീട് 8656.46 ചതുരശ്ര കിലോമീറ്ററാണ് ഇ.എസ്.എ എന്ന് കണ്ടെത്തിയതിലാണ് ആശയക്കുഴപ്പം.
ഇ.എസ്.എ 8656.46 ചതുരശ്ര കിലോമീറ്റർ ആണെങ്കിൽ വനം വകുപ്പിന്റെ കണക്കിൽ പറയുന്നത്ര വനവിസ്തൃതി സംസ്ഥാനത്ത് ഇല്ലെന്ന അംഗീകരിക്കലായി മാറും. സംസ്ഥാനത്ത് വനവിസ്തൃതി 11531.139 ചതുരശ്ര കിലോമീറ്ററായി വർധിച്ചെന്നാണ് വനംവകുപ്പ് രേഖ. എന്നാൽ, 98 വില്ലേജുകളിലായി 7126 ചതുരശ്ര കിലോമീറ്റർ മാത്രമാണ് വനപ്രദേശമുള്ളതെന്നാണ് കർഷക സംഘടനകളുടെ വാദം. ഈ വസ്തുത മറച്ചുവെച്ച് 1500 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി കൂടി ഇ.എസ്.എയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരിക്കുന്നതെന്ന് അതിജീവന പോരാട്ടവേദി ഉൾപ്പെടെ കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ നിലപാടിലെ മാറ്റംമറിച്ചിൽ കാരണം വനമല്ലാത്ത പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഇ.എസ്.എയിൽ ഉൾപ്പെട്ടുവരുന്ന സ്ഥിതിയുണ്ടെന്ന് പോരാട്ട വേദി ചെയർമാൻ റസാക്ക് ചൂരവേലി ‘മാധ്യമ’ത്തോട് പറഞ്ഞു. വനഭൂമിയില്ലാത്ത വെള്ളത്തൂവൽ വില്ലേജിൽ 250 ഏക്കറാണ് വനഭൂമിയായി കാണിച്ചിരിക്കുന്നത്. 20 ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രം വനമായി വിജ്ഞാപനം ചെയ്യപ്പെട്ട വട്ടവട വില്ലേജിൽ 50 ചതുരശ്ര കിലോമീറ്റർ വനമുണ്ടെന്നാണ് സർക്കാർ കണക്കിൽ പറയുന്നത്.
കടപ്പാട് :
മാധ്യമം
Post a Comment