ഓമശ്ശേരി:ഡോ:എം.കെ.മുനീർ എം.എൽ.എ.യുടെ ശ്രമഫലമായി ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഇ.കെ.ഉണ്ണിമോയി സാഹിബ്‌ സ്മാരക ഗ്രൗണ്ടിന്റെ ആധുനിക വൽക്കരണത്തിന്‌ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവൃത്തികൾക്ക്‌ തുടക്കമായി.അമ്പത്‌ ലക്ഷം രൂപ ഡോ:എം.കെ.മുനീർ  എം.എൽ.എ.യുടെ ഫണ്ടും അമ്പത്‌ ലക്ഷം രൂപ കായിക വകുപ്പിന്റെ ഫണ്ടുമുപയോഗിച്ചാണ്‌ വിപുലമായ സൗകര്യങ്ങളോടെ ഗ്രൗണ്ട്‌ സജ്ജീകരിക്കുന്നത്‌.മൂന്ന് സ്റ്റെപ്‌ ഗാലറി,ഫ്ലഡ്‌ ലൈറ്റ്‌,നൈലോൺ നെറ്റും ചെയിൻ ലിങ്കും ഉപയോഗിച്ചുള്ള ഫെൻസിംഗ്‌,മഡ്‌ കോർട്ട്‌,സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഡ്രസ്സിംഗ്‌ റൂമുകൾ ഉൾപ്പടെ ആധുനിക സജ്ജീകരണങ്ങളോടെയാണ്‌ താഴെ ഓമശ്ശേരി കൽപ്പള്ളി വയലിലെ ഒരേക്കർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ ഔദ്യോഗിക മൈതാനം നവീകരിക്കുന്നത്‌.ആറു മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.സ്പോർട്സ്‌ കേരള ഫൗണ്ടേഷന്റെ മേൽ നോട്ടത്തിലാണ്‌ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്‌.എടവണ്ണപ്പാറ ബിക്സ്‌ ഡെവലപ്പേഴ്സ്‌ കമ്പനിക്കാണ്‌ കരാർ ലഭിച്ചത്‌.

നിലവിലെ പഞ്ചായത്ത്‌ ഭരണസമിതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു ഗ്രൗണ്ട്‌ നവീകരണം.പ്രവൃത്തി പൂർത്തിയാവുന്നതോടെ ഓമശ്ശേരിയിലെ കായിക പ്രേമികളുടെ നീണ്ട കാലമായുള്ള കാത്തിരിപ്പിന്‌‌ വിരാമമാവും.കായിക രംഗത്ത്‌ മികച്ച സംഭാവനകളർപ്പിച്ച ജില്ലയുടെ കിഴക്കൻ മലയോര മേഖലയുടെ പ്രവേശന കവാടമായ ഓമശ്ശേരിയുടെ കായിക കുതിപ്പിന്‌ പുതിയ സംവിധാനങ്ങൾ വലിയ മുതൽക്കൂട്ടാവും.ഓമശ്ശേരിയുടെ വികസന മുന്നേറ്റത്തിന്‌ നായകത്വം വഹിച്ച പരേതനായ ഇ.കെ.ഉണ്ണി മോയി സാഹിബിന്റെ നാമധേയത്തിലുള്ള ഗ്രൗണ്ടിലേക്ക്‌ ഓമശ്ശേരി-പുത്തൂർ റോഡിലെ കളരിക്കണ്ടി ഭാഗത്ത്‌ നിന്നും ഓമശ്ശേരി-താമരശ്ശേരി റോഡിലെ താഴെ ഓമശ്ശേരി പെട്രോൾ പമ്പിന്‌ സമീപത്തു നിന്നും പ്രവേശിക്കാൻ കഴിയും.

ജനപ്രതിനിധികളുടേയും ക്ലബ്‌ ഭാരവാഹികളുടേയും സാന്നിദ്ധ്യത്തിലാണ്‌ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്‌.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ,വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,മുൻ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,സ്പോർട്സ്‌ കേരള ഫൗണ്ടേഷൻ ജില്ലാ എ.ഇ.സില്ല ജോൺസൺ,പി.വി.സ്വാദിഖ്‌,ആർ.എം.അനീസ്‌,പി.എ.ഹുസൈൻ മാസ്റ്റർ,വി.കെ.രാജീവൻ മാസ്റ്റർ,കരുണാകരൻ മാസ്റ്റർ പുത്തൂർ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്‌,എടവണ്ണപ്പാറ ബിക്സ്‌ ഡെവലപ്പേഴ്സ്‌ മാനേജിംഗ്‌ ഡയറക്ടർ ടി.കെ.അസ്ബർ,എഞ്ചിനീയർമാരായ വി.ശഫീഖ്‌ വാഴക്കാട്‌,കെ.ഡെന്നിസ്‌ എന്നിവർ സന്നിഹിതരായിരുന്നു.

ഫോട്ടോ:നിർമ്മാണം നടക്കുന്ന ഓമശ്ശേരി ഇ.കെ.ഉണ്ണി മോയി സാഹിബ്‌ ഗ്രൗണ്ട്‌ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു.

Post a Comment

Previous Post Next Post