ന്യൂഡൽഹി: മദ്റസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് അവസാനിപ്പിക്കണമെന്നും സംസ്ഥാനം ഫണ്ട് നൽകുന്ന മദ്റസകളും മദ്റസ ബോർഡുകളും നിർത്തലാക്കണമെന്നും നിർദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ(എൻ.സി.പി.സി.ആർ). മദ്റസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നീക്കം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ദേശീയ ബാലാവകാശ കമ്മീഷൻ കത്തയച്ചു. കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ ആണ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.

മദ്റസകളിലെ വിദ്യാഭ്യാസ രീതി 1.25 കോടി കുട്ടികളുടെ ഭരണഘടന അവകാശങ്ങൾ ലംഘിക്കുന്നുവെന്നാണ് ബാലാവകാശ കമ്മീഷിന്റെ കത്ത്. എൻ.സി.പി.സി.ആർ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു.

2009ലെ വിദ്യാഭ്യാസ അവകാശനിയമപ്രകാരം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാറിന്റെ കടമയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

 നിർദേശത്തിനെതിരെ പ്രതിഷേധവുമുയരുന്നുണ്ട്. നിർദേശം പിൻവലിക്കണമെന്ന് യു.പി കോൺഗ്രസ് ആവശ്യപ്പെട്ടു. ആളുകളെ തമ്മിലടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വിമർശിച്ചു.

അതിനിടെ, മദ്റസ ബോർഡുകൾ പിരിച്ചുവിടണമെന്ന നിർദേശം കേരളത്തെ ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മദ്റസ ബോർഡുകളില്ല.

 കേരളത്തിലെ മദ്റസ അധ്യാപകർക്ക് ശമ്പളം നൽകുന്നത് സർക്കാറല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മദ്റസകളെയാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം ബാധിക്കുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് കേരളത്തിലെ മദ്റസകൾ. പൊതു വിദ്യാഭ്യാസത്തിന് അവസരങ്ങൾ കുറവുള്ള ചില മേഖലകളിൽ മദ്റസകളെയാണ് വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത്. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ മതപഠനത്തോടൊപ്പം കണക്ക് സയൻസ് തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കാറുണ്ട്. അതിന് സർക്കാരിന്റെ സഹായവും ലഭിക്കാറുണ്ട്. 
വടക്കെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കപ്പെടുന്നതും മദ്റസകളിലുടെയാണ്.




 

Post a Comment

Previous Post Next Post