വാഷിങ്ടൺ: പശ്ചിമേഷ്യ യുദ്ധഭീതിയിലേക്ക് നീങ്ങവെ അടിയന്തര യോഗം വിളിച്ച് യു.എൻ. രക്ഷാസമിതിയുടെ അടിയന്തര യോഗം ബുധനാഴ്ച നടക്കും. പ്രാദേശിക സമയം രാവിലെ 10 മണിക്കാവും യോഗമുണ്ടാവുക. ഫ്രാൻസിന്റേയും ഇസ്രായേലിന്റേയും അഭ്യർഥനയെ തുടർന്നാണ് യു.എൻ യോഗം വിളിച്ചിരിക്കുന്നത്.
മിഡിൽ ഈസ്റ്റിൽ നടക്കുന്ന സംഘർഷത്തെ അപലപിക്കുകയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രസ്താവനയിൽ പറഞ്ഞു. ഇതിന് അവസാനമുണ്ടാകണം. വെടിനിർത്തൽ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
തെൽ അവീവിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം. 200ലധികം മിസൈലുകളാണ് ഇറാൻ അയച്ചത്. ഇസ്രായേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരുന്നു.
ഇസ്രായേൽ സേന തന്നെയാണ് മിസൈൽ ആക്രമണം സ്ഥിരീകരിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ സേന ജനങ്ങളോടാവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ആക്രമണം തടഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനു നേരെ മിസൈൽ അക്രമണം നടത്തിയതായി ഇറാന്‍റെ റവലൂഷനറി ഗാർഡും സ്ഥിരീകരിച്ചു.
ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയെയും ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെയും വധിച്ചതിനുള്ള തിരിച്ചടിയാണ് മിസൈൽ ആക്രമണമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു.
Post a Comment