കോഴിക്കോട് : മത സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യവും,  കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാനും,  എം.എസ്.എസ് കോഴിക്കോട് ജില്ലാ മുൻ പ്രസിഡണ്ടും, വ്യാപാര പ്രമുഖനും, പഴയകാല വ്യവസായിയും, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ എക്സിക്യൂട്ടീവ് അംഗവും, കൊടുവള്ളി മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയുമായ ടി കെ പരീക്കുട്ടി ഹാജി (103) നിര്യാതനായി. 

മയ്യിത്ത് നിസ്‌ക്കാരം ഇന്ന് (ചൊവ്വാഴ്ച) എട്ടു മണിക്ക് നടക്കാവ് ജുമാ മസ്ജിദില്‍.രാത്രി 9 മണിക്ക് കൊടുവള്ളി യത്തീംഖാന ഓഡിറ്റോറിയത്തിലും പത്തുമണിക്ക് കളിരാന്തിരി കാക്കാടം ചാലില്‍ ജുമാ മസ്ജിദിലും മയ്യിത്ത് നിസ്കാരം നടക്കും.

1960 മുതൽ അഞ്ചുവർഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. 

1978-ലാണ് കൊടുവള്ളിയിലെ യത്തീംഖാന തുടങ്ങാൻ മുന്നിട്ടിറങ്ങിയത്. അന്നുമുതൽ നാളിതുവരെ സ്ഥാപനത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു.

ഒരുകാലത്ത് കല്ലായിലെ ഏറ്റവും വലിയ മരവ്യവസായി എന്ന നിലയിലാണ് ടി.കെ. പരീക്കുട്ടിഹാജിയെ അധികംപേരും അറിഞ്ഞിട്ടുണ്ടാവുക. ടിമ്പർ, ഫർണിച്ചർ മേഖലയിലെ തന്റെ വലിയ സ്ഥാപനത്തിന്റെ വളർച്ചയ്ക്കുവേണ്ടി ചെലവഴിച്ചതിനെക്കാൾ കൂടുതൽ സമയം പരീക്കുട്ടിഹാജി വിനിയോഗിച്ചത് കൊടുവള്ളി യത്തീംഖാനയുടെ ഉയർച്ചയ്ക്കുവേണ്ടിയാണെന്നത് അധികമാരും അറിയാത്ത കാര്യമാണ്.

രാജ്യത്തെ മികച്ച ശിശുക്ഷേമപ്രവർത്തനം നടത്തുന്ന സ്ഥാപനത്തിനുള്ള അവാർഡ് 1992-ൽ കൊടുവള്ളി യത്തീംഖാനയ്ക്ക് ലഭിച്ചു. പരീക്കുട്ടിഹാജിയുടെ നിസ്വാർഥമായ പ്രവർത്തനം മുൻനിർത്തി സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ ചെയർമാനായി സംസ്ഥാനസർക്കാർ നിയമിച്ചിട്ടുണ്ട്.

മലബാർ ചേംബർ ഓഫ് കോമേഴ്സ്, എം.എസ്.എസ്., എം.ഇ.എസ്., പട്ടിക്കാട് ജാമിയനൂരിയ അറബിക് കോളേജ്, കേരള ചെറുകിട വ്യവസായ അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.






Post a Comment

Previous Post Next Post