പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ മനഃപൂര്‍വം ലോറിയിലേക്ക് ഇടിച്ചു കയറ്റിയുണ്ടാക്കിയ അപകടത്തിലെ ദുരൂഹതയകറ്റാന്‍ പോലീസ്. മരിച്ച അനുജയും സുഹൃത്ത് ഹാഷിമും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായതാണ് മനഃപൂര്‍വം അപകടമുണ്ടാക്കിയതിനു പിന്നിലെ കാരണമെന്ന് പോലീസ് സംശയിക്കുന്നു. വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷിം(31) എന്നിവരാണ് മരിച്ചത്.
അനുജയും ഹാഷിമും ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യാത്രയ്ക്കിടെയാണ് ഇവര്‍ പരിചയത്തിലാകുന്നത്. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ഹാഷിം. ഇയാളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ അനുജ പരിചിതയാണ്. ഇത്തരമൊരു അപകടം സൃഷ്ടിക്കാനുള്ള കാരണം വ്യാഴാഴ്ചയോ അല്ലെങ്കില്‍ അതിനോട് അടുത്ത ദിവസങ്ങളിലോ ഉണ്ടായിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതേത്തുടര്‍ന്നാകാം അനുജയെ വകവരുത്തി സ്വയം ഇല്ലാതാകാന്‍ ഹാഷിം തീരുമാനിച്ചതെന്നാണ് പോലീസിന് വിലയിരുത്തല്‍.
അപകടത്തില്‍ ഹാഷിമിന്റെ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. അനുജയുടെ ഫോണ്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇരുവരും തമ്മിലുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി സൈബര്‍ സെല്‍ അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും അന്വേഷണ പരിധിയില്‍ വരും. വാട്‌സാപ്പ് ചാറ്റ് ഹിസ്റ്ററി ക്ലിയര്‍ ചെയ്തിട്ടില്ലെങ്കില്‍ ഇരുവരുടേയും ഇടയിലുള്ള പ്രശ്‌നത്തിനുള്ള കാരണം വേഗത്തില്‍ പോലീസിന് കണ്ടെത്താന്‍ സാധിക്കും.
അപകടത്തിന് തൊട്ടുമുന്‍പ് കാര്‍ യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ പിടിവലികള്‍ നടന്നിട്ടുണ്ടാകാനുള്ള സാധ്യതയെപ്പറ്റി ദൃക്‌സാക്ഷി പോലീസിന് സൂചന നല്‍കിയിട്ടുണ്ട്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് കാര്യമായ പങ്കില്ല എന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇയാളെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരിക്കും തുടര്‍നടപടികള്‍. രാജസ്ഥാന്‍ സ്വദേശി ലോറി ഡ്രൈവറെ പ്രതിയാക്കിക്കൊണ്ടാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്.
Post a Comment