മാഹി: മയ്യഴിയിലെ സ്ത്രീ സമൂഹത്തെയടക്കം അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ മാഹി പൊലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തു.
മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിനെതിരെയുള്ള 153 എ, 67 ഐ.ടി ആക്ട്, 125 ആർ.പി ആക്ട് എന്നിവ അനുസരിച്ചാണ് കേസ്.
സി.പി.എം മാഹി ലോക്കൽ സെക്രട്ടറി കെ.പി. സുനിൽകുമാർ ഉൾപ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്.
കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി.സി. ജോർജിന്‍റെ വിവാദ പരാമർശം. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നുമാണ് പി.സി. ജോർജ് പറഞ്ഞത്.
‘കോഴിക്കോട്-കണ്ണൂർ റോഡിലെ മയ്യഴി 14 വർഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാൻ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോൾ മാഹിയിലെ റോഡുകൾ മോദി സുന്ദരമാക്കി മാറ്റി’ -പി.സി. ജോർജ് പറഞ്ഞു.
Post a Comment