ഓമശ്ശേരി:സംരംഭകത്വ വർഷത്തിന്റെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭകർക്കായി ഓമശ്ശേരിയിൽ ലോൺ-ലൈസൻസ്‌-സബ്സിഡി മേള സംഘടിപ്പിച്ചു.
ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ മേള ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.

സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്മാൻ,പഞ്ചായത്തംഗങ്ങളായ അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ഡി.ഉഷാദേവി ടീച്ചർ,കേരള ബാങ്ക്‌ ഓമശ്ശേരി ബ്രാഞ്ച്‌ മാനേജർ സത്യൻ എന്നിവർ സംസാരിച്ചു.ഉപജില്ലാ വ്യവസായ വികസന ഓഫീസർ സി.ജെ.ജയിൻ,ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ ജെമിൻ എന്നിവർ ക്ലാസെടുത്തു.പഞ്ചായത്ത്‌ വ്യവസായ വകുപ്പ്‌ ഇന്റേൺ കെ.വി.അമൃത നന്ദി പറഞ്ഞു.

മേളയിൽ വെച്ച്‌ ലോൺ സാങ്ങ്ഷൻ ലെറ്റർ വിതരണവും അപേക്ഷ സ്വീകരിക്കലും പ്രോജക്റ്റ്‌ അവതരണവും നടന്നു.കേരള ബാങ്കിന്റെ സുവിധ പ്ലസ്‌ ലോണാണ്‌ സംരംഭകർക്ക്‌ നൽകിയത്‌.ഒരു ഭവനം ഒരു സംരംഭം പദ്ധതിയുടെ ഭാഗമായി പലിശ ഇളവ്‌ സബ്സിഡിക്കുള്ള അപേക്ഷകളും പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതിയിലെ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളുമാണ്‌ മേളയിൽ സ്വീകരിച്ചത്‌.ഉദ്യം രജിസ്ട്രേഷൻ, കെ.സിഫ്റ്റ്‌ രജിസ്ട്രേഷൻ,ഫുഡ്‌ രജിസ്ട്രേഷൻ(എഫ്‌.എസ്‌.എസ്‌.എ.ഐ)എന്നിവയും മേളയിൽ വെച്ച്‌ നടന്നു.

സാമ്പത്തിക വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചു കൊണ്ട്‌ നാലു ലക്ഷം പേർക്ക്‌ തൊഴിൽ നൽകുന്നതിനാണ്‌ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സംയോജിച്ച്‌ സംരംഭകത്വ വർഷം ആചരിക്കുന്നത്‌.സംരംഭകരുടെ വിവര ശേഖരണം,സംരംഭകർക്കാവശ്യമായ ഓൺലൈൻ സേവനങ്ങളായ ലൈസൻസിനും സബ്സിഡിക്കും ലോണിനും വേണ്ടിയുള്ള അപേക്ഷകൾ തയ്യാറാക്കി നൽകൽ,സംരംഭകർക്കുള്ള വ്യവസായ വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും വിവിധ പദ്ധതികളെ കുറിച്ചുള്ള മാർഗനിർദേശങ്ങൾ നൽകൽ എന്നീ സേവനങ്ങൾ ഓമശ്ശേരി പഞ്ചായത്തിൽ നിന്നും വ്യവസായ വകുപ്പ്‌ ഇന്റേൺ വഴി ലഭിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.തിങ്കൾ,ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ സംരംഭകർക്കായി ഹെൽപ്‌ ഡെസ്കും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്‌.ചെറുകിട വ്യവസായ സംരഭങ്ങളെ ഉത്തേജിപ്പിക്കുന്നതിന്‌ വേണ്ടിയും സംരഭങ്ങള്‍ തുടങ്ങുന്നതിലെ കാലതാമസം മാറ്റുവാനും കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം കൊണ്ടുവന്ന കേന്ദ്രീകൃത രജിസ്ട്രേഷന്‍ സ്കീമായ ഉദ്യം രജിസ്ട്രേഷനനുള്ള സൗകര്യവും പഞ്ചായത്തിലെ ഹെൽപ്‌ ഡെസ്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്‌.

ഫോട്ടോ:ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിച്ച ലോൺ-ലൈസൻസ്‌-സബ്സിഡി മേള പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post