ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹിയിലെ വസിതിയിലെത്തി ഒരു മണിക്കൂറോളമായി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.

 അറസ്റ്റിനെതിരെ മുഖ്യമന്ത്രിയുടെ വസിതിയിലും പരിസരത്തും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിവരികയാണ്. കനത്ത സുരക്ഷയാണ് കെജ്രിവാളിന്റെ വസിതിയ്ക്ക് പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുന്നതിനെതിരെ സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി നേതാക്കളും മന്ത്രിമാരുമായ സഞ്ജയ് സിംഗും മനീഷ് സിസോദിയയും മുന്‍പ് അറസ്റ്റിലായിരുന്നു. കേസില്‍ ഇ ഡി അയച്ച ഒന്‍പതാം സമന്‍സും കെജ്രിവാള്‍ അവഗണിച്ചതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കെജ്രിവാളിനെ വ്യക്തിഹത്യ ചെയ്യാനുദ്ദേശിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിച്ച് കെജ്രിവാളിനെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്തെ പ്രധാന റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് എഎപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തടയിടാന്‍ ഡല്‍ഹി പൊലീസ് ശ്രമിച്ചുവരികയാണ്.


ഇ ഡിയുടെ അറസ്റ്റോടെ ഏതെങ്കിലും ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയായി കെജ്രിവാള്‍ മാറുകയാണ്.

 12 അംഗ ഇ ഡി സംഘമാണ് ഇന്ന് വൈകീട്ടോടെ കെജ്രിവാളിന്റെ വസിതിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തത്. അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ നിന്ന് അഞ്ചു മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. അറസ്റ്റിനെതിരെ രാത്രി തന്നെ സുപ്രിംകോടതിയെ സമീപിക്കാനുള്ള സാധ്യത തേടുകയാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍.

 പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കെജ്രിവാളിന്റെ വസിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post