വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ കെ എൻ നിർവഹിക്കുന്നു.
ഓമശ്ശേരി :
കേരള വനം വന്യജീവി വകുപ്പിൻ്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ആരംഭിച്ചു.
വിദ്യാലയങ്ങളിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് നട്ടു വളർത്തിയെടുക്കുന്ന സ്വഭാവിക വനങ്ങളുടെ സാദൃശ്യമുള്ള ചെറുവനങ്ങളാണ് വിദ്യാവനങ്ങൾ.
പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് വന സംരക്ഷണത്തിൻ്റെ പാഠങ്ങൾ പകർന്ന് സ്കൂൾ പരിസരത്ത് ജൈവ വൈവിധ്യ ഉദ്യാനം സൃഷ്ടിക്കുന്ന പദ്ധതിയാണ് സ്കൂളിൽ ആരംഭിച്ചത്.
വിദ്യാർഥികളിൽ ജൈവ വൈവിധ്യ സംരക്ഷണ അവബോധം ഉണർത്തുന്നതിനും വനവൽക്കരണ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് സ്കൂൾ ഫോറസ്ട്രി ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാവനം പദ്ധതി ആരംഭിച്ചിട്ടുള്ളത്.
വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ കെ എൻ നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദിദീഷ് കെ, പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ, എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് അധ്യാപകരായ ബിജു മാത്യു, സുനീഷ് ജോസഫ്, ഷാനിൽ പി എം , ജിൽസ് തോമസ്, ബിജില സി കെ ,സിബിത പി സെബാസ്റ്റ്യൻ വിദ്യാർഥി പ്രതിനിധി ആദിദേവ് കെ എന്നിവർ പ്രസംഗിച്ചു.
കാർഷിക പരിസ്ഥിതി പ്രവർത്തനങ്ങളിൽ മികച്ച മാതൃകകൾ സൃഷ്ടിച്ച് ഒട്ടേറെ അംഗീകാരങ്ങൾ നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിന് ലഭിച്ച മറ്റൊരു അംഗീകാരമാണ് വിദ്യാവനം പദ്ധതി. പദ്ധതി പ്രകാരം സ്കൂളിന് 2 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാകും.
Post a Comment