തിരുവമ്പാടി :
കേരള എൻ.ജി.ഒ യൂണിയൻ്റെ 61-ാം സംസ്ഥാന സമ്മേളനം 2024 ജൂൺ 22,23,24 തിയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കുകയാണ്. സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കുന്നതിന് എൻ.ജി.ഒ യൂണിയൻ താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുവാടി പുഞ്ചപ്പാടത്ത് വിളയിപ്പിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ: എം.എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
കൊയ്ത്തുൽസവം നാടൻ പാട്ടിൻ്റെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ വലിയ ഉത്സവ പ്രതീതിയിലാണ് നടന്നത്. സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾക്ക് ഭക്ഷണമൊരുക്കുന്നതിനാവശ്യമായ മട്ട അരി, ഉണങ്ങലരി, പുട്ടുപൊടി, അവിൽ തുടങ്ങിയ ഉദ്പ്പന്നങ്ങൾ ഇതിൻ്റെ ഭാഗമായി നിർമ്മിക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്.
4000kg നെല്ലാണ് വിളവെടുത്തത്. 120 ദിവസം പ്രായമുള്ള ഉമ , 100 ദിവസം പ്രായമുള്ള ജ്യോതി എന്നീ വിത്തുകളാണ് കൃഷി ചെയ്തത്.
പൂർണ്ണമായും ജൈവരീതിയിലാണ് കൃഷി .
സംസ്ഥാന സമ്മേളനം കോഴിക്കോട് വച്ച് നടക്കുന്നതിൻ്റെ ഭാഗമായി എൻ.ജി.ഒ യൂണിയൻ്റെ കോഴിക്കോട്ടെ ഏരിയ കമ്മറ്റികൾ വിവിധങ്ങളായ കൃഷിയാണ് ചെയ്യുന്നത്.
മത്സ്യകൃഷി, പച്ചക്കറി കൃഷി ,കിഴങ്ങുവർഗങ്ങൾ, പയറുവർഗങ്ങൾ എന്നിവ കൃഷി ചെയ്ത് ഉദ്പ്പാദിപ്പിച്ച് സംസ്ഥാന സമ്മേളന പ്രതിനിധികൾക്ക് പൂർണ്ണമായും വിഷരഹിത ഭക്ഷണം നൽകാനാണ് തീരുമാനം
ചടങ്ങിൽഎൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ദൈത്യേന്ദ്രകുമാർ അധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ കേരളാ ബാങ്ക് ഡയറക്ടർ ഇ.രമേശ്ബാബു, വാർഡ് മെമ്പർ ആയിഷ ചേലപ്പുറത്ത്, സി.ടി.സി അബ്ദുള്ള, കരീം കൊടിയത്തൂർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി.സന്തോഷ്, ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, സംസ്ഥാന കമ്മറ്റി അംഗം അനൂപ് തോമസ് എന്നിവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.ലിനീഷ് സ്വാഗതവും താമരശ്ശേരി ഏരിയാ പ്രസിഡണ്ട് ജോസ് കുര്യാക്കോസ് നന്ദിയും രേഖപ്പെടുത്തി.
Post a Comment