ചെന്നൈ: ബെംഗളൂരുവിൽ നിന്ന് ചെന്നൈ വരെ രണ്ട് മണിക്കൂറിൽ യാത്ര ചെയ്യാം. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ ഉണ്ടാകുമെന്ന് കേന്ദ്ര​ ​ഗതാ​ഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

പദ്ധതി പ്രാബല്യത്തിലെത്തുന്നതോടെ ഇരു ന​ഗരങ്ങളും തമ്മിലുള്ള യാത്രാസമയം കുറയുന്നത് അഞ്ചു മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂറായാണ്.

അശോക് ലെയ്‍ലാൻഡിന്റെ 75ാം വാർഷികാഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗഡ്കരി. ചെന്നൈയേയും ഡൽ​ഹിയേയും ബന്ധിപ്പിക്കുന്ന പുതിയ ഹൈവേ പ്രോജക്ടിനെ കുറിച്ചും ഗഡ്കരി സംസാരിച്ചു.

'എക്സ്പ്രസ് ഹൈവേ വരുന്നതോടെ ആഡംബര ബസുകളും സ്ലീപ്പർ കോച്ചുകളും ഈ മേഖലയിൽ ആരംഭിക്കാൻ സാധിക്കും. ഡൽഹി, ചെന്നൈ, കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയും വിവിധ ഹൈവേ പദ്ധതികൾ വഴി ബന്ധിപ്പിക്കും,' ഗഡ്കരി പറഞ്ഞു.

ഡൽഹിയേയും ജയ്പുരിനെയും ഇലക്ട്രിക് കേബിൾ ഹൈവേ വഴി ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. ഇലക്ട്രിക് ബസുകൾ രാജ്യത്തിന് ആവശ്യമാണെന്നും ഗഡ്കരി വ്യക്തമാക്കി. '2004 മുതൽ കൃഷിയെ ഊർജ്ജ– വൈദ്യുതി മേഖലകളിലേക്ക് ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ്.

പത്തു ദിവസം മുമ്പാണ് നൂറു ശതമാനം ബയോ–എഥനോൾ വാഹനം പുറത്തിറക്കിയത്. ബെംഗളൂരുവിൽ മെഥനോളുമായി കൂടിച്ചേർന്ന ഇന്ധനത്തിലൂടെ പ്രവർത്തിക്കുന്ന വാഹനം പുറത്തിറക്കിയിരുന്നു. രാജ്യത്ത് മെഥനോൾ ട്രക്കുക്കളുടെ നിർമാണം സാധ്യമാക്കണമെന്നത് സ്വപ്നമാണ്,' ഗഡ്കരി വ്യക്തമാക്കി.

Post a Comment

Previous Post Next Post