കോട്ടയം: ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ഇത് അപ്പയുടെ പതിമൂന്നാം വിജയമാണ്.

 എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. വികസനതുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തത്. 

വികസനവും കരുതലുമായി അമ്പത് വര്‍ഷക്കാലം ഉമ്മന്‍ചാണ്ടി ഇവിടെ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ച ഇവിടെ ഉണ്ടാവുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

'എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരും സമന്മാരാണ്. പുതുപ്പള്ളിയിലെ വികസനത്തിന് ഒറ്റകെട്ടായി പ്രവര്‍ത്തിക്കാം. ഏതൊരു വ്യക്തിക്കും അപ്പയുടെ അടുത്തേക്ക് പ്രശ്‌നങ്ങളുമായി വരാമായിരുന്നു. 

അതേപോലെ ഞാനും കയ്യെത്തും ദൂരത്തുണ്ടാവും. പാര്‍ട്ടിയോ ജാതിയോ മതമോ പ്രശ്‌നമല്ല. നാടിന് വേണ്ടി ഒന്നിച്ചു നീങ്ങാം.' ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ മുതിര്‍ന്ന നേതൃത്വത്തിന് നന്ദി പറഞ്ഞ ചാണ്ടി ഉമ്മന്‍ എ കെ ആന്റണി നല്‍കിയ പിന്തുണയെ പ്രത്യേകം എടുത്തു പറഞ്ഞു.

 കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, റോജി എംജോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ചാണ്ടി ഉമ്മന്‍ നന്ദി പറഞ്ഞു.
 

Post a Comment

Previous Post Next Post