കോഴിക്കോട് : 
കുറ്റ്യാടി കള്ളാട് മസ്ജിദിനു സമീപത്തെ എടവലത്ത് വീട് അടഞ്ഞുകിടക്കുകയാണ്.
നിപ്പ ഏറ്റവുമാദ്യം തട്ടിയെടുത്ത മുഹമ്മദിന്റെ വീട്. 

ഇന്ന് ഇവിടെ നാട്ടുകാരുടെ ഉള്ളിൽ നിറയെ ഭയമല്ല, പ്രാർഥനയാണ്.
 മുഹമ്മദിന്റെ മകൻ ഒൻപതുവയസ്സുകാരന് ആപത്തു വരുത്തല്ലേയെന്ന പ്രാർഥന. 
ഓരോ വീട്ടിലും ഉമ്മമാരും കുഞ്ഞുമക്കളുമൊക്കെ മനസ്സിൽ പ്രാർഥിക്കുന്നത് ഒരേയൊരു കാര്യമാണ്.
 ‘‘ആ കുഞ്ഞിനെ സുരക്ഷിതമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണേ...’’

മുഹമ്മദിനെക്കുറിച്ച് അയൽവാസികൾക്കു പറയാനുള്ളതും നന്മയുടെ കഥകൾ മാത്രമാണ്. ഷാർജയിൽ കഫറ്റീരിയ ജോലികൾ ചെയ്തിരുന്നയാളാണ് മുഹമ്മദ്.

പ്രായമായ പിതാവിന് അസുഖം ബാധിച്ചതറിഞ്ഞാണ് മുഹമ്മദ് ഒന്നരവർഷം മുൻപ് നാട്ടിലേക്കു തിരികെവന്നതെന്ന് അയൽവാസികൾ പറഞ്ഞു.

തളർന്നുവീണ പിതാവിനെ ചികിത്സിക്കാനും ശസ്ത്രക്രിയ അടക്കമുള്ളവയ്ക്കുമൊക്കെ കൂടെനിന്നത് മുഹമ്മദായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് പിതാവ് പതിയെ നടന്നുതുടങ്ങിയ സമയത്താണ് നിപ്പയുടെ രൂപത്തിൽ മുഹമ്മദിനെ മരണം കൊണ്ടുപോയത്.

മുഹമ്മദിന്റെ ഭാര്യയ്ക്കും ഇളയ കുഞ്ഞിനും രോഗം ബാധിച്ചിട്ടില്ലെന്ന വാർത്ത ആശ്വാസം പകർന്നു.

എന്നാൽ മൂത്ത മകൻ ഐസിയുവിൽ വെന്റിലേറ്ററിലാണെന്നത് പ്രദേശത്തെല്ലാവർക്കും ആശങ്ക പകരുകയാണ്.

"മോണോക്ലോണൽ ആന്റിബോഡി മരുന്ന് ഇന്നലെ എത്തിച്ചതായി ആരോഗ്യവകുപ്പ് വിവരം പുറത്തുവിട്ടിരുന്നു. വൈകിട്ടോടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചതും ആശ്വാസമേകി. മുഹമ്മദിന്റെ ബന്ധുക്കളായ 3 കുട്ടികളുടെ സാംപിളുകൾ ഇന്നലെ വൈകിട്ട് പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു ഇന്നലെ വൈകിട്ട് ആറരയോടെയാണ് സാംപിളുകൾ ശേഖരിച്ചത്.

 ഇതിനായി ആംബുലൻസുകൾ വീട്ടിലെത്തുകയും കുട്ടികളെയും കൂട്ടി കുറ്റ്യാടി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇവർക്ക് ഒരു ആരോഗ്യപ്രശ്നവുമില്ലെന്ന് അധികൃതർ പറഞ്ഞു.
 സമ്പർക്ക പട്ടികയിലുള്ളതുകൊണ്ടു മാത്രമാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചതെന്നും അറിയിച്ചിട്ടുണ്ട്.

കടപ്പാട് :മനോരമ


Post a Comment

Previous Post Next Post