ഷാരോൺ വധ കേസിൽ ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ മോചിത ആകാൻ സാധിക്കുകയുള്ളൂ. പാറശ്ശാല കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. ഒപ്പം, ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടർന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്.


ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.



142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തിൽ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാർപ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post