ഓമശേരി: കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഓമശ്ശേരി പഞ്ചായത്തിൽ വിജയകരവും മാതൃകാപരവുമായി നടപ്പിലാക്കി വരുന്ന 'ഹരിതം,സുന്ദരം,ഓമശ്ശേരി'ഖരമാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ച് പഠിക്കാൻ സെന്റർ ഫോർ റിസർച്ച് ഇൻ സ്കീംസ് ആൻഡ് പോളിസീസ്(ക്രിസ്പ് ) പ്രതിനിധികൾ ഓമശ്ശേരിയിലെത്തി.
ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻവേംസ് വേസ്റ്റ് മാനേജ്‌മന്റ് കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന അജൈവ മാലിന്യ സംസ്കരണ പദ്ധതിയുടെ പൊതു-സ്വകാര്യ പങ്കാളിത്തവും പ്രവർത്തന രീതികളും സംഘം പഠനവിധേയമാക്കി.കേരളതിലെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്പ് നിലവിൽ ആറ് സംസ്ഥാന ഗവൺമെന്റുകൾക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്.
വിദ്യാഭ്യാസം, ഗ്രാമീണവികസനം,നഗര തൊഴിലുറപ്പ് പദ്ധതി തുടങ്ങി പല മേഖലകളിലും ക്രിസ്പ് വിവിധ സംസ്ഥാനങ്ങളിലെ ഡിപ്പാർട്ടിമെന്റുകൾക്കാവശ്യമായ പോളിസി തല മാർഗ്ഗനിർദേശങ്ങൾ നൽകി വരുന്നു. കർണാടകയിൽ പഞ്ചായത്ത് രാജ് ഡിപ്പാർട്മെന്റുമായി ബന്ധപ്പെട്ടാണ് ക്രിസ്പ് പ്രവർത്തിക്കുന്നത്.അവിടെ മാലിന്യ സംസ്കരണ രംഗത്ത് നടപ്പാക്കാൻ പറ്റുന്ന മാതൃകകൾ പഠിച്ച് ഡിപ്പാർട്മെന്റിന് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനാണ് ക്രിസ്പ് സംഘം ഓമശ്ശേരിയിലെത്തിയത്.
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ,ഗ്രീൻ വേംസ് റീജിണൽ ഓപറേഷൻസ് മാനേജർ എൻ.ഫാരിസ്,ഹരിത കർമ്മ സേന ടീം ലീഡർ ടി.വി.സ്വീറ്റി എന്നിവരുമായി ക്രിസ്പ് സംഘാംഗങ്ങളായ പി.വി.ഹാഷിർ,പി.എസ്.രേഖ എന്നിവർ ചർച്ച നടത്തി.
ഫോട്ടോ:ഓമശ്ശേരിയിലെത്തിയ ക്രിസ്പ് പ്രതിനിധികൾ പഞ്ചായത്തധികൃതരോടൊപ്പം.
Post a Comment