ലക്നൗ: ഏറ്റവും വലിയ പോരാട്ടത്തിന് തയാറായിരിക്കാൻ കർഷകരോട് ആഹ്വാനം ചെയ്ത് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്. ഭൂമി, വിള, വംശം എന്നിവ സംരക്ഷിക്കാൻ വലിയ പ്രക്ഷോഭം നടത്താൻ തയാറാകണമെന്ന് അദ്ദേഹം കർഷകരോട് ആഹ്വാനം ചെയ്തു. സൗജന്യ വൈദ്യുതി, മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം, അലഞ്ഞുതിരിയുന്ന കന്നുകാലികൾക്ക് സംരക്ഷണം എന്നീ വാഗ്ദാനങ്ങൾ നടപ്പാക്കാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ലക്നൗവിൽ നടന്ന കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകർക്ക് പ്രക്ഷോഭം എന്ന ഒരേയൊരു കാര്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. നമ്മൾ പ്രക്ഷോഭം ആരംഭിച്ചില്ലെങ്കിൽ, നമ്മുടെ ഭൂമിയും വിളയും വംശവും നഷ്ടപ്പെടും’’– അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെയും ബിജെപിയുടെയും കടന്നുകയറ്റ ഭീഷണി നേരിടുന്ന പ്രാദേശിക ക്ഷേത്രങ്ങളിൽ യോഗങ്ങൾ നടത്താനും അദ്ദേഹം കർഷകരോട് ആവശ്യപ്പെട്ടു.
പ്രാദേശിക ക്ഷേത്രങ്ങളിൽ ബ്ലോക്ക് തല യോഗങ്ങൾ ആരംഭിക്കാനും പ്രാദേശിക ക്ഷേത്ര കമ്മിറ്റികളുടെ ഭാഗമാകുന്നത് ഉറപ്പാക്കാനും അദ്ദേഹം കർഷകരോട് പറഞ്ഞു.
ക്ഷേത്രങ്ങൾ മുസ്‌ലിംകളിൽ നിന്ന് ഭീഷണി നേരിടുന്നില്ല. എന്നാല്‍, ക്ഷേത്രങ്ങൾ ആർഎസ്എസിൽ നിന്നും ബിജെപിക്കാരിൽ നിന്നും ഭീഷണി നേരിടുന്നു. ആർഎസ്എസുകാർ കയ്യിൽ ലാത്തിയുമായി നടക്കുന്നുണ്ടെങ്കിൽ, നിങ്ങളും ലാത്തികളുമായി പരേഡ് നടത്തണം. ഒരു ഗൂഢാലോചന നടക്കുന്നു. ഈ സർക്കാരുകൾ നമ്മളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കും. എന്നാൽ വലിയ പ്രക്ഷോഭം നടത്തി പ്രത്യയശാസ്ത്രം സംരക്ഷിക്കാൻ പോരാടേണ്ടിവരും. നിങ്ങളുടെ ട്രാക്ടറുകളുമായി തയാറായിരിക്കുക’’– അദ്ദേഹം പറഞ്ഞു.
Post a Comment