ഓമശ്ശേരി: കോഴിക്കോട്‌ ജില്ലയിൽ നിപ വൈറസ്‌ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ പ്രത്യേക യോഗം ചേർന്നു.ഓമശ്ശേരി ഫാമിലി ഹെൽത്ത്‌ സെന്ററിൽ നടന്ന ഗ്രാമപഞ്ചായത്ത്‌ സ്റ്റയറിംഗ്‌ കമ്മിറ്റിയുടേയും ആരോഗ്യ വിഭാഗത്തിലെ പ്രധാന ഉദ്യോഗസ്ഥരുടേയും യോഗത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും മുൻകരുതൽ പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകുകയും ചെയ്തു.നിലവിൽ പഞ്ചായത്ത്‌ പരിധിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയും മുൻകരുതലും വളരെ അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. 
ഈ മാസം 24 വരെ നിയന്ത്രണങ്ങളുണ്ടാവും.ഇക്കാലയളവിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ ഒഴിവാക്കും.മുൻ കൂട്ടി നിശ്ചയിച്ച വിവാഹം പോലോത്ത ചടങ്ങുകളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറക്കും.കലാ-സാംസ്കാരിക-കായിക പരിപാടികൾ മാറ്റി വെക്കും.പൊതു യോഗങ്ങളുൾപ്പടെയുള്ള പൊതു പരിപാടികൾ അനുവദിക്കില്ല.

ജനങ്ങളിൽ ഭീതി പരത്തുന്ന പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പനിയുൾപ്പടെ ലക്ഷണങ്ങളുള്ളവർ സ്വയം ചികിൽസിക്കാതെ കുടുംബാരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്യണമെന്നും യോഗം അഭ്യർത്ഥിച്ചു. 

നിപ വൈറസിന്റെ ഉറവിട കേന്ദ്രവും രോഗബാധിതരായവരെ ചികിത്സിച്ച ആരോഗ്യകേന്ദ്രങ്ങളും ജില്ലയുടെ പല ഭാഗത്തായുളളതിനാൽ ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾക്ക് വിധേയമാവണമെന്ന് യോഗം ഉണർത്തി.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,പി.കെ.ഗംഗാധരൻ,മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ:നിപ ജാഗ്രതയുടെ ഭാഗമായി ഓമശ്ശേരിയിൽ നടന്ന യോഗം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post