ദോഹ : ഖത്തർ ഇൻകാസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ദോഹയിൽ സ്‌നേഹോത്സവം-2023 സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. സ്‌നേഹോത്സവം പരിപാടി കോഴിക്കോട് ജില്ല ഇൻകാസ് പ്രസിഡന്റ് വിപിൻ മേപ്പയൂർ ഉദ്ഘാടനം ചെയ്തു. 

മനുഷ്യരും മതങ്ങളും തമ്മിൽ വർഗീയതയുടെ പേരിൽ അകറ്റിനിർത്തപ്പെടുന്ന കാലത്ത് എല്ലാവരെയും സ്‌നേഹത്തോടെ അടുപ്പിക്കുന്നതാണ് സ്‌നേഹോത്സവം പോലുള്ള പരിപാടിയെന്ന് നിജേഷ് അരവിന്ദ് പറഞ്ഞു. ഇൻകാസ് ബാലുശ്ശേരി നിയോജക മണ്ഡലം സംഘടിപ്പിച്ച സ്‌നേഹോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന് കോൺഗ്രസ് എന്നും രംഗത്ത് ഉണ്ടാകും. കോൺഗ്രസ് പാർട്ടിക്ക് പഴയ കാലത്തെ പോലെയുള്ള ശക്തമായ കാലമാണ് വരാനിരിക്കുന്നതെന്നും നിജേഷ് അരവിന്ദ് പറഞ്ഞു. 
ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ജാഫർ നന്മണ്ട അധ്യക്ഷത വഹിച്ചു. ഇൻകാസ് ഖത്തർ നേതാക്കന്മാരായ കെ.കെ ഉസ്മാൻ, അൻവർ സാദത്ത്, ജില്ലാ കമ്മിറ്റി മുഖ്യ രക്ഷാധികാരി അഷ്‌റഫ് വടകര, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ, ഇൻകാസ് ദുബായ് പ്രസിഡന്റ് ഫൈസൽ കണ്ണോത്ത്, ബാലുശ്ശേരി നിയോജക മണ്ഡലം ജില്ലാ ഇൻചാർജ് സെക്രട്ടറി സരിൻ കേളോത്ത്, കെ.എം.സി.സി ബാലുശ്ശേരി ജനറൽ സെക്രട്ടറി ഷഫീഖ് കരുവണ്ണൂർ എന്നിവർ സംസാരിച്ചു. 

ഇൻകാസിന്റെ പ്രമുഖ നേതാവും സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ അഷറഫ് വടകരയെ ചടങ്ങിൽ ഐ.സി.ബി.എഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം റഹൂഫ് കൊണ്ടോട്ടി പൊന്നാട അണിയിച്ച് ആദരിച്ചു.


ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ നിന്നുള്ള സീനിയർ ജില്ലാ നേതാക്കന്മാരായ ഗഫൂർ ബാലുശ്ശേരി, ഷംസു വേളൂർ, റഫീഖ് പാലോളി, ഹബീബ് വട്ടോളി തുടങ്ങിയവരും നിയോജക മണ്ഡലം നേതാക്കന്മാരും ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങ് നിയന്ത്രിച്ചു. ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി സിറാജ് സിറു സ്വാഗതവും ട്രഷറർ ജംഷാദ് നജീം നന്ദിയും പറഞ്ഞു. ഷാഫി പി.സി പാലം എഴുതിയ ലോകകപ്പ് അനുഭവസാക്ഷ്യം എന്ന പുസ്തകം നിജേഷ് അരവിന്ദിന് സമ്മാനിച്ചു. നൗഷാദ് കുമ്മങ്കോട്, ഹിബാ ഷംന എന്നിവർ നയിച്ച ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി.
 

Post a Comment

Previous Post Next Post