ആലുവയിൽ ക്രൂരപീഡനത്തിനിരയായ അതിഥി തൊഴിലാളിയുടെ മകൾക്ക് തുണയായത് പ്രദേശവാസികളുടെ സമയോചിത ഇടപെടൽ.
രാത്രി വൈകി ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് സമീപവാസിയായ സുകുമാരൻ ജനലിന് പുറത്തേക്ക് നോക്കിയത്. പെൺകുട്ടിയുമായി ഒരാൾ പോകുന്നതാണ് കണ്ടത്. സംശയം തോന്നിയ ഇയാൾ ഭാര്യയെ വിളിച്ചുണർത്തുകയും അയൽവാസികളെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ സുകുമാരനും മറ്റ് അയൽവാസികളായ ഷാജിയും അബൂബക്കറും ചേർന്നാണ് തെരച്ചിൽ ആരംഭിച്ചത്.
ഇവരെല്ലാവരും ചേർന്ന് പെൺകുട്ടിയെ തെരഞ്ഞിറങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. തെരച്ചിലാരംഭിച്ച് 15-20 മിനിറ്റിനകം തന്നെ കുട്ടിയെ കണ്ടെത്തി. പെൺകുട്ടിയുടെ ദേഹത്ത് നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ കുഞ്ഞിനോട് വിവരങ്ങൾ തിരക്കി സമീപത്തുള്ള ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണെന്ന് മനസിലാക്കി. പിന്നാലെ കുഞ്ഞിനെ വീട്ടിലെത്തിച്ചു. ആ സമയത്ത് കുഞ്ഞിന്റെ വീട്ടിൽ മാതാവും മറ്റൊരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. മാതാവിനെ വിവരം ധരിപ്പിച്ച ശേഷം വളരെ വേഗത്തിൽ തന്നെ അക്രമത്തിനിരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ച ശേഷം പൊലീസിലും പ്രദേശവാസികൾ വിവരമറിയിച്ചു.
പൊലീസ് നടത്തിയ തെരച്ചിലിൽ അക്രമിയെന്ന് സംശയിക്കുന്ന ഒരു വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയെ പരിചയമുള്ള വ്യക്തിയാകാം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നിഗമനം. കാരണം നിരവധി വീടുകൾ തിങ്ങി നിൽക്കുന്ന പ്രദേശമാണ് അത്. അതുകൊണ്ട് തന്നെ കൃത്യമായി പ്രദേശവും കുഞ്ഞിനേയും അറിയാവുന്ന വ്യക്തിയാകാം അക്രമിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശവാസികൾ തെരഞ്ഞെത്തിയതിനെ തുടർന്നാകാം അക്രമി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Post a Comment