കൂടരഞ്ഞി :
കോഴിക്കോട് ജില്ലയിലെ മികച്ച ഹോംഷോപ്പ് ഉടമയായി തെരഞ്ഞെടുക്കപ്പെട്ട കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കെ. പാത്തുവിനുള്ള ഉപഹാരം ഹോംഷോപ്പ് പദ്ധതിയുടെ വാർഷികാഘോഷ വേദിയിൽ വച്ച് കുടുംബശ്രീ ഗവേർണിങ് ബോഡി അംഗം ശ്രീമതി കെ.കെ ലതിക സമ്മാനിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് , കൂടരഞ്ഞി സിഡിഎസ് ചെയർപേഴ്സൺ ശ്രീജമോൾ,എന്നിവർ ചേർന്നാണ് ഉപഹാരം ഏറ്റുവാങ്ങിയത്. കോഴിക്കോട് ജില്ലാ കുടുംബശ്രീമിഷന് കീഴിൽ കഴിഞ്ഞ 13 വർഷങ്ങളായി വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹോംഷോപ്പ് പദ്ധതിയുടെ വാർഷികാഘോഷ പരിപാടിയായ അത്തപ്പൂമഴ ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ വച്ചാണ് നടന്നത്. വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉൽപാദനവും വിപണനവും ഏകോപിപ്പിച്ച് 1500 ഓളം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ്.
ശ്രീ. കെ.എം സച്ചിൻ ദേവ് എംഎൽഎ അത്തപ്പൂമഴയുടെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ ടി പി രാമകൃഷ്ണൻ എംഎൽഎ, ജമീല കാനത്തിൽ എംഎൽഎ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട മണിയൂർ ഗ്രാമപഞ്ചായത്തിനും മികച്ച അർബൻ സി.ഡി.എസ് ആയി തെരഞ്ഞെടുക്കപ്പെട്ട ഫറൂക്ക് നഗരസഭയ്ക്കും ജില്ലയിലെ മികച്ച ഹോംഷോപ്പ് ഉടമയായ പാത്തു കെ കുടരഞ്ഞിക്കും കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പർ ശ്രീമതി കെ കെ ലതിക അവാർഡുകൾ വിതരണം ചെയ്തു. ഓണക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വികെ അനിതയും ഓണക്കോടി വിതരണ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീമതി ആർ സിന്ധുവും നിർവഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത തോട്ടഞ്ചേരി, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജിത പുത്തഞ്ചേരി, മലപ്പുറം ജില്ലാമിഷൻ കോഡിനേറ്റർ ജാഫർ കക്കൂത്ത്, നീതു എ (ഡി.പി.എം), റനീഷ് (ഡി.പി.എം) പ്രമോദ് കോട്ടൂളി തുടങ്ങിയവർ പ്രസംഗിച്ചു.
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്ട് അധ്യക്ഷത വഹിച്ചു. ഹോംഷോപ്പ് സെക്രട്ടറി പ്രസാദ് കൈതക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിന് സതീശൻ സ്വപ്നക്കൂട് നന്ദി രേഖപ്പെടുത്തി.
Post a Comment