കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി. കുട്ടികളുടെ പാർക്ക് തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.



പി.വി.ആർ. നാച്ചുറോ പാർക്ക് തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.വി. അൻവർ എം.എൽ.എ. സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പാർക്കിനെക്കുറിച്ച് പഠിക്കാൻ സർക്കാർ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാർക്ക് പ്രവർത്തിക്കുന്ന ഭാഗം തുറന്നുകൊടുക്കാൻ അനുമതി നൽകിയത്.


കുട്ടികളുടെ പാർക്കിന്റെ പ്രവർത്തനം സ്റ്റീൽ ഫെൻസിങ്ങിനുള്ളിലായിരിക്കണമെന്നും വാട്ടർ റൈഡുകൾ നിർമിച്ച സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് പാർക്കിന്റെ ഉടമ ഉറപ്പുവരുത്തണമെന്നും ഭാഗികമായി പ്രവർത്തനാനുമതി നൽകിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 2018-ൽ കനത്ത മഴയിൽ പാർക്കിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്നാണ് പ്രവർത്തനം നിർത്തിവെപ്പിച്ചത്. പാർക്ക് സ്ഥിതിചെയ്യുന്ന പ്രദേശം ഉരുൾപൊട്ടൽ മേഖലയാണെന്നും പരാതികൾ ഉയർന്നിരുന്നു.


കുട്ടികളുടെ പാർക്കിന് അനുമതി നൽകിയെങ്കിലും ബാക്കി നിർമാണങ്ങളിൽ അപകട സാധ്യത പരിശോധന നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കോഴിക്കോട് സ്ഥിതിചെയ്യുന്ന സ്വകാര്യ ഏജൻസിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാർക്കിന് പൂർണ പ്രവർത്തനാനുമതി നൽകുന്ന കാര്യം പരിഗണിക്കുക.

Post a Comment

Previous Post Next Post