കോഴിക്കോട് :
വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ അത്തപ്പൂക്കള മത്സരവും മെഗാ തിരുവാതിരയും നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ എ ഗീത നിർവഹിച്ചു.


 ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യേണ്ടത് ഓരോ പൗരന്റെയും അവകാശമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. എല്ലാവരും വോട്ടർ പട്ടികയിൽ പേര് ചേർത്ത് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവണമെന്നും കലക്ടർ പറഞ്ഞു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ.ശീതൾ ജി മോഹൻ അധ്യക്ഷത വഹിച്ചു.


'കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം' എന്ന സന്ദേശവുമായി യുവാക്കളിൽ തെരഞ്ഞെടുപ്പ് അവബോധം വളർത്തുന്നതിനായുള്ള വിപുലമായ പ്രചാരണങ്ങളുടെ ഭാഗമായാണ് മെഗാ തിരുവാതിര നടന്നത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറിയ മെഗാ തിരുവാതിരയിൽ മൂന്നുറോളം പേർ അണിനിരന്നു. 


ജില്ലാ കലക്ടറും ഡെപ്യൂട്ടി കലക്ടർമാരും മെഗാതിരുവാതിരയിൽ അണിനിരന്നതോടെ വിദ്യാർത്ഥികൾക്ക് ആവേശം ഇരട്ടിയായി. ദേവഗിരി കോളേജ് അധ്യാപകനായ ബിബിൻ ആന്റണിയാണ് തിരുവാതിര പാട്ട് ചിട്ടപ്പെടുത്തിയത്.


സ്വീപ് ഓണാഘോഷത്തിന്റെ ഭാഗമായി വർണ്ണാഭമായ പൂക്കളവും വിദ്യാർത്ഥികൾ ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലോഗോയാണ് പൂക്കളത്തിൽ ഒരുക്കിയത്. ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പൂക്കളമിട്ടത്. ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ  ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്ന എൻട്രികളാണ് സംസ്ഥാനതല മത്സരത്തിലേക്ക് അയയ്ക്കുക. ഓൺലൈനായി നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ കൂടുതൽ ലൈക്ക് നേടുന്ന മികവാർന്ന പൂക്കളത്തിന് ക്യാഷ് അവാർഡ് ലഭിക്കും.

ഡെപ്യൂട്ടി കലക്ടർമാരായ ഹിമ കെ, ഷാമിൻ സെബാസ്റ്റ്യൻ, അനിത കുമാരി ഇ, ശാലിനി പി.പി, സീനിയർ ഫിനാൻസ് ഓഫീസർ മനോജൻ കെ.പി, ജില്ലാ ലോ ഓഫീസർ സേവ്യർ കെ, ജില്ലാ ഇ എൽ സി കോർഡിനേറ്റർ വിജയൻ പി.എസ്, ഇ എൽ സി കോർഡിനേറ്റർ ഡോ സതീഷ് ജോർജ്ജ്, ദേവഗിരി ഇൻസ്റ്റിസ്റ്റ്യൂഷൻസ് മാനേജർ ഫാദർ ബിജു കെ ഐസക്, പ്രിൻസിപ്പൽ പ്രൊഫ. ബോബി ജോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹുസൂർ ശിരസ്തദാറും സ്വീപ്പ് നോഡൽ ഓഫീസറുമായ ബാബു ചാണ്ടുള്ളി സ്വാഗതവും കോഴിക്കോട് തഹസിൽദാർ പ്രേംലാൽ എ.എം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post