കോഴിക്കോട് : ഊണിനു 10 രൂപ വർധിപ്പിച്ച് കുടുംബശ്രീ ജനകീയ ഹോട്ടലുകൾ, പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയോടെ ഹോട്ടൽ നടത്തിപ്പുകാരായ വനിതകൾ കാത്തിരിക്കുകയാണ്. ഏതാനും മാസങ്ങളായി സബ്സിഡി ഇനത്തിൽ നല്ലൊരു തുക ഒട്ടുമിക്ക ജനകീയ ഹോട്ടലുകൾക്കും സർക്കാരിൽനിന്നു കിട്ടാനുണ്ട്. ഈ തുക ഘട്ടം ഘട്ടമായെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ അംഗങ്ങളായ വനിതകൾ ജനകീയ ഹോട്ടലുകൾ നടത്തിക്കൊണ്ടു പോകുന്നത്. ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി നിർത്തിയതോടെയാണ് ഊണിനു വില വർധിപ്പിച്ചത്. ഊണിന് 20 രൂപയായിരുന്നത് 30 ആക്കി.

പാഴ്സൽ ഊണിന് 35 രൂപയുമാക്കി. വിലവർധന ചില ഹോട്ടലുകളിൽ ഓഗസ്റ്റ് ആദ്യവാരം മുതൽ‍ തന്നെ നടപ്പാക്കി. ജില്ലയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഊണു ലഭിച്ചിരുന്നത് ജനകീയ ഹോട്ടലുകളിലാണ്. നഗരത്തിൽ ജനകീയ ഹോട്ടലുകൾക്കു പുറമെയുള്ള മറ്റു വിരലിലെണ്ണാവുന്ന ഹോട്ടലുകളിൽ ഏറ്റവും കുറഞ്ഞ നിരക്ക് 35 രൂപയായിരുന്നു. വില കൂടിയതോടെ ജനകീയ ഹോട്ടലുകളും ഇതേ നിരക്കിലേക്ക് എത്തുകയാണ്. വില 30 രൂപയാക്കിയെങ്കിലും ആളുകളുടെ എണ്ണത്തിൽ കുറവില്ലെന്ന് മുക്കത്തെ ജനകീയ ഹോട്ടൽ നടത്തിപ്പുകാർ പറഞ്ഞു. ഇവിടെ ദിവസവും 300 മുതൽ 500 വരെ ഊണാണ് വിൽക്കുന്നത്.


പ്രദേശത്ത് 30 രൂപ നിരക്കിൽ ഊണു കിട്ടുന്ന മറ്റു കടകളില്ലെന്നതാണ് കുടുംബശ്രീ പ്രവർത്തകരുടെ ആശ്വാസം. പക്ഷേ സാധനങ്ങളുടെ വിലക്കയറ്റം ഹോട്ടലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക ബാക്കിയാണ്. ജനകീയ ഹോട്ടലുകൾക്ക് മാസങ്ങളായി സബ്സിഡി കുടിശ്ശിക നൽകിയിട്ടില്ല. ഫണ്ടിന്റെ ലഭ്യതക്കുറവാണ് പ്രതിസന്ധിയെന്നും പണം കിട്ടുന്ന മുറയ്ക്ക് കൊടുത്തു തീർക്കുമെന്നും അധികൃതർ പറഞ്ഞതായാണ് കുടുംബശ്രീ പ്രവർത്തകർ പറഞ്ഞത്.

"ഊണിന് വില വർധിപ്പിച്ചെങ്കിലും പതിവ് ഉപഭോക്താക്കൾ ഇപ്പോഴും വരുന്നുണ്ട്. നഗരമധ്യത്തിലെ ഹോട്ടലായതിനാൽ മദ്യപിച്ച് എത്തുന്നവരുടെ ശല്യം രൂക്ഷമായിരുന്നു. പലപ്പോഴും പൊലീസിനെ വിളിക്കേണ്ടി വന്നിട്ടുണ്ട്. ലാഭം നോക്കിയല്ല കുടുംബശ്രീ ജനകീയ ഹോട്ടൽ നടത്തുന്നത്. 

സാമൂഹിക സേവനത്തിന്റെ ഒരംശം കൂടിയുണ്ട്. വലിയ ലാഭമൊന്നും കിട്ടുന്നില്ലെങ്കിലും ജോലി ചെയ്യുന്നവർക്ക് കൂലി കിട്ടുന്നുണ്ട്. 

കടപ്പാട് മനോരമ

Post a Comment

Previous Post Next Post