തിരുവനന്തപുരം : അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പത്താം ക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്‌റ്റൈപ്പന്റ്, കോളേജ് കാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നല്‍കും. ഭൂരഹിത ഭവനരഹിത അതിദരിദ്രര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുണീക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് (യുഡി ഐഡി) നല്‍കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.
കുടുംബാംഗങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാന മാര്‍ഗം കണ്ടെത്തി നല്‍കാനാവണമെന്ന് മഖ്യമന്ത്രി നിര്‍ദേശിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക ശുശ്രൂഷ നല്‍കുകയും പുനരധിവാസം ഉറപ്പാക്കുകയും വേണം. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മാനസിക പ്രശ്‌നമുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ മനോരോഗ വിദഗ്ധരുടെ സേവനങ്ങള്‍ നല്‍കണം. മരുന്നുകളും ലഭ്യമാക്കണം. റേഷന്‍കാര്‍ഡുകള്‍ തരം മാറ്റാനുള്ള അപേക്ഷകളില്‍ ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാക്കണം.
പ്രധാനമായും നാല് ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിര്‍ണയത്തിലുള്ളത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോഗ്യം ക്ലേശകരമായ 28,663 വ്യക്തികള്‍ ഉള്‍പ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമാന്നുള്ളത്.
അതിദാരിദ്ര്യ ലിസ്റ്റില്‍പ്പെട്ട സങ്കേതിക തടസ്സമില്ലാത്ത മുഴുവന്‍ പേര്‍ക്കും അവകാശ രേഖകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. അതിദരിദ്ര കുടുംബം, വ്യക്തികള്‍ എന്നിവരുടെ വിവരങ്ങള്‍ എം.ഐ.എസ് പോര്‍ട്ടലില്‍ പരിശോധിക്കാനുള്ള സൗകര്യം വകുപ്പുകള്‍ക്ക് നല്‍കി. അവശ്യ വസ്തുകളും സേവനങ്ങളും വാതില്‍പ്പടി സേവനം മുഖേന നല്‍കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വളണ്ടിയര്‍മാര്‍ ഇതിന് സഹായിക്കുന്നുണ്ട്.
വരുമാനം ക്ലേശ ഘടകമായവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നതിന് ജോബ് കാര്‍ഡുകള്‍ വിതരണം ചെയ്തു. പശു വിതരണം, തയ്യല്‍ മെഷിന്‍ എന്നിവയും നല്‍കി. കുട്ടികള്‍ക്ക് പുസ്തകം, പേന, കുട, ബാഗ്, ചോറ്റുപാത്രം, ബോക്‌സ്, സ്റ്റീല്‍ വാട്ടര്‍ബോട്ടില്‍ തുടങ്ങിയവ വിതരണം ചെയ്തു.
2025 നവംബര്‍ ഒന്നിന് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. 2023, 2024 വര്‍ഷങ്ങളില്‍ ഒന്ന്, രണ്ട് ഘട്ട പ്രഖ്യാപനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഓരോ വിഭാഗങ്ങളില്‍ എത്ര കുടുംബങ്ങളെ ഇതുവരെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചു എന്ന് പ്രത്യേകം പ്രഖ്യാപിക്കും.
യോഗത്തില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, കെ. രാധാകൃഷ്ണന്‍, സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ്, വീണ ജോര്‍ജ്, ആര്‍ ബിന്ദു, എ.കെ. ശശീന്ദ്രന്‍, ആന്റണി രാജു എന്നിവരും ചീഫ് സെക്രട്ടറി ഡോ. വേണു വി. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Post a Comment