തിരുവനന്തപുരം:
 കോതമംഗലം വാരപ്പെട്ടിയില്‍ മുന്നറിയിപ്പില്ലാതെ തോട്ടത്തിലെ വാഴകള്‍ വെട്ടി മാറ്റിയ സംഭവത്തില്‍ ഉചിതമായ സഹായം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 


പരാതി ശ്രദ്ധയില്‍പ്പെട്ടയുടനെ കെഎസ്ഇബി പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും 220 കെവി ലൈനിന് കീഴില്‍ വാഴകള്‍ അപകടം ഉണ്ടാക്കും വിധം വളര്‍ന്നതിനാലാണ് മുറിച്ചുവാറ്റിയതെന്നും മന്ത്രി വ്യക്തമാക്കി.


മൂലമറ്റം നിലയത്തില്‍ നിന്നുള്ള ഈ ലൈന്‍ തകരാരിലാകുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിലവില്‍ മുറിച്ചുമാറ്റിയ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനില്‍ തട്ടുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്തിരുന്നുവെന്നും കണ്ടെത്തി. കെഎസ്ഇബി എല്‍ ജീവനക്കാര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍, സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതി ഷോക്ക് ഏറ്റിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.

വൈകിട്ട് ഇടുക്കി- കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു 
എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post