മുക്കം : കൊടിയത്തൂർ –ചെറുവാടി റോഡ് നവീകരണം ഒന്നര വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ച് കൊടിയത്തൂർ കോട്ടമ്മലിൽ വ്യാപാരികൾ നിരാഹാര സത്യഗ്രഹ സമരം നടത്തി.അവഗണനയും അനാസ്ഥയും അവസാനിപ്പിച്ച് റോഡ് നവീകരണം വേഗത്തിലാക്കണം.
അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നു വ്യാപാരികൾ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടിയാണ് കഴിഞ്ഞദിവസം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നിരാഹാരം സത്യഗ്രഹം നടത്തിയത്. സമിതി നിയോജക മണ്ഡലം പ്രസിഡന്റ് പി.പ്രേമൻ ഉദ്ഘാടനം ചെയ്തു.
ടി.കെ.ഹനീഫ ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു മുഖ്യാതിഥിയായി.
വർക്കിങ് പ്രസിഡന്റ് സി.പി.മുഹമ്മദ്, പഞ്ചായത്ത് അംഗം ടി.കെ.അബൂബക്കർ, പി.അലി അക്ബർ, ടി.ടി.അബ്ദുറഹ്മാൻ, കെ.ടി.ഹമീദ്, എം.എ.കബീർ, ഇ.കെ.മായിൻ, അബ്ദുസ്സമദ് കണ്ണാട്ടിൽ, ജിൽസ് പെരിഞ്ചേരി, എം.സി.നസീം എന്നിവർ പ്രസംഗിച്ചു.
പിന്തുണയുമായി പഞ്ചായത്തിലെ ജനപ്രതിനിധികളും വ്യാപാരികളും വിവിധ സന്നദ്ധ സംഘടന പ്രതിനിധികളും സമരപ്പന്തലിലെത്തി.
ചില സ്ഥലങ്ങളിൽ റോഡ് വികസനത്തിന് സ്ഥലം വിട്ടു കിട്ടാത്തതും പ്രവൃത്തി നീളുന്നതിനു കാരണമാണ്. എസ്റ്റിമേറ്റ് തുക തികയില്ലെന്ന ആശങ്കയും കരാറുകാർക്കുണ്ട്. മഴ പെയ്താൽ റോഡിൽ യാത്ര ക്ലേശകരമാണ്.
മന്ത്രി പി.എ.മുഹമ്മദ് റിയാസിനും എംഎൽഎക്കും റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി നിവേദനം നൽകിയിട്ടും ഫലം കാണാത്ത അവസ്ഥയിലാണ് വ്യാപാരികൾ സമരത്തിന് ഇറങ്ങിയത്.
ഫോട്ടോ:
കൊടിയത്തൂർ –ചെറുവാടി റോഡ് നവീകരണ പ്രവൃത്തി നീളുന്നതിനെതിരെയും കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി നടത്തിയ നിരാഹാര സത്യഗ്രഹം സമിതി നിയോജക മണ്ഡലം പ്രസിഡന്റ് പി.പ്രേമൻ ഉദ്ഘാടനം ചെയ്യുന്നു.
Post a Comment