കൊച്ചി: കോതമംഗലത്ത് കുലച്ച വാഴകള്‍ കെഎസ്ഇബി വെട്ടി നശിപ്പിച്ച സംഭവം അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വിഷയത്തില്‍ ട്രാന്‍സ്മിഷന്‍ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയെന്നും കൃഷി മന്ത്രി പി പ്രസാദ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

മൂലമറ്റത്ത് നിന്നും എത്തിയ കെഎസ്ഇബി ജീവനക്കാരാണ് വാഴവെട്ടിമാറ്റിയത്. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് താഴെയാണ് വാഴ നട്ടിരിക്കുന്നത് എന്നതിനാലാണ് വെട്ടിമാറ്റിയത് എന്നാണ് കെഎസ്ഇബി അറിയിച്ചത്.
കര്‍ഷകനെ അറിയിക്കാതെയായിരുന്നു നടപടി. ഓണവിപണി ലക്ഷ്യം വെച്ചുള്ള 400ല്‍ അധികം വാഴകളാണ് വെട്ടിനശിപ്പിച്ചത്.

വാരപ്പെട്ടിയിലാണ് കെഎസ്ഇബി കര്‍ഷകനോട് ഈ ക്രൂരത ചെയ്തത്. മൂന്നാഴ്ച്ചയ്ക്കകം വെട്ടാനിരിക്കുന്ന കുലകളായിരുന്നു ഇത്. തോമസ് എന്ന കര്‍ഷകന്റെ തോട്ടത്തിലെ വാഴകളാണ് നശിപ്പിച്ചത്.

'ഒരു മാസം കഴിഞ്ഞ് വെട്ടാനിരിക്കുന്ന വാഴകളായിരുന്നു. വാഴ വെട്ടുന്ന കാര്യം എന്നെ കെഎസ്ഇബി അറിയിച്ചിരുന്നില്ല.

50 വര്‍ഷമായി ഈ ഭൂമിയില്‍ കൃഷി ചെയ്യുന്നുണ്ട്. ഇതുവരേയും ഒന്നും സംഭവിച്ചിട്ടില്ല. വാഴകൈ മാത്രം വെട്ടിയാല്‍ മതിയായിരുന്നു.

ഒന്ന് പറഞ്ഞാല്‍ മതിയായിരുന്നു.' കര്‍ഷകനായ തോമസ് പറഞ്ഞു.

തനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും കര്‍ഷകന്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post