വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് പൊതുഅദാലത്ത് സംഘടിപ്പിക്കും: അഡ്വ. പി. സതീദേവി

സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവർ, ഹോം നഴ്‌സ്, തോട്ടം തൊഴിലാളികൾ, ലോട്ടറി തൊഴിലാളികൾ, മത്സ്യ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായി ജില്ലകളിൽ പൊതു അദാലത്ത് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഓരോ മേഖലയിലെയും പ്രത്യേകമായിട്ടുള്ള പ്രശ്‌നങ്ങൾ പൊതു അദാലത്തിലൂടെ കണ്ടെത്തുകയും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കാണുകയുമാണ് കമ്മീഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപികമാരുടെ പ്രശ്‌നങ്ങൾ അറിയുന്നതിന് കോഴിക്കോട് ജില്ലയിൽ അടുത്തമാസം പൊതു അദാലത്ത് സംഘടിപ്പിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ. 

ജില്ലാതല അദാലത്തിൽ 18 പരാതികൾ തീർപ്പാക്കി. ആകെ 47 പരാതികൾ പരിഗണിച്ചു. മൂന്ന് പരാതികൾ പോലീസ് റിപ്പോർട്ടിനായി അയച്ചു. 24 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റി. ഒരു പരാതി ജാഗ്രത സമിതിയുടെ റിപ്പോർട്ടിനായും മറ്റൊന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ പരിഗണനയ്ക്കായും നൽകി. 

അദാലത്തിൽ വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ. വി.ടി. ലിസി, അഡ്വ. റീന സുകുമാരൻ, കൗൺസിലർമാർ, വനിതാ കമ്മീഷൻ ജീവനക്കാരായ ലക്ഷ്മി തമ്പാൻ, റ്റി.ആർ. ജയന്തി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post