കോഴിക്കോട്: കൂടത്തായ് കേസിൽ സിപിഐഎം പ്രാദേശിക നേതാവ് കൂറുമാറി.
കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി പ്രവീൺ കുമാറാണ് കൂറുമാറിയത്. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജിനും അനുകൂലമായി പ്രവീൺ കുമാർ മൊഴി നൽകുകയായിരുന്നു. കേസിൽ ആദ്യമായാണ് ഒരാൾ കൂറുമാറുന്നത്. കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയാണ് പ്രവീൺ കുമാർ.
ജോളിയുമായി ചേർന്ന് വ്യാജ വിൽപ്പത്രം തയ്യാറാക്കിയെന്ന കേസിൽ നാലാം പ്രതിയാണ് മനോജ് കുമാർ.
നേരത്തെ പഞ്ചായത്ത് അംഗമായിരുന്ന ഇയാളെ അടുത്തറിയാമെന്നും 15 വർഷം ഒരുമിച്ച് പ്രവർത്തിച്ചിരുന്നു എന്നുമാണ് പ്രവീൺ കുമാർ നൽകിയിരുന്ന മൊഴി. തെളിവെടുപ്പ് വേളയിൽ പൊലീസിന്റെ മഹ്സറിൽ സാക്ഷിയായി ഒപ്പ് വെച്ചതും പ്രവീണായിരുന്നു. എന്നാൽ വിചാരണ വേളയിൽ തനിക്ക് പ്രതികളെ അറിയില്ലെന്നും പൊലീസ് തന്ന ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നും മൊഴി മാറ്റുകയായിരുന്നു. ഒന്നാം പ്രതി ജോളിയുടെ സഹോദരനടക്കം 46 പേരെയാണ് ഇന്ന് പ്രത്യേക കോടതി വിസ്തരിച്ചത്.
2019 ഒക്ടോബർ നാലിന് ഒരു കുടുംബത്തിലെ ആറ് മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പളളിയിലെ ഒരു കല്ലറ തുറന്ന് പരിശോധിച്ചതാണ് കൂടത്തായി കേസിൽ വഴിത്തിരിവായത്. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരേ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ശിക്ഷിക്കപ്പെട്ടത്.
പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് മരിച്ചത്. ഭർതൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നൽകിയുമാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം കണ്ടൈത്തിയിരുന്നു. ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയിൽ റോയിയുടെ സഹോദരൻ റോജോ വടകര റൂറൽ എസ്പിക്ക് നൽകിയ പരാതിയിലായിരുന്നു അന്വേഷണം.
Post a Comment