ഇസ്‍ലാമാബാദ്: അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) അധ്യക്ഷനുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്‍ലാമാബാദ് ഹൈകോടതിക്ക് മുന്നിൽവെച്ച് പാക് അർധസൈനിക വിഭാഗമായ റേ​ഞ്ചേഴ്സാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിൽക്കുകയും ഇതിന്റെ കണക്കുകൾ മറച്ചുവെച്ച് നികുതി വെട്ടിക്കുകയും ചെയ്തെന്ന തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് സൂചന.

മാർച്ചിൽ ഈ കേസുമായി ബന്ധപ്പെട്ട് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ വീടിന് സമീപം സംഘർഷം ഉണ്ടായിരുന്നു.
തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വാറന്റ് റദ്ദാക്കണമെന്ന് ഹരജി നൽകിയെങ്കിലും 13ന് മുമ്പ് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു.
 എന്നാൽ, ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇമ്രാൻ കോടതിയിലെത്തിയില്ല. ഇതോടെ ജാമ്യമില്ലാ വാറന്റ് അയച്ചിരുന്നു.



അറസ്റ്റിനെ തുടർന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്‍ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാൻ ഖാനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ പി.ടി.ഐ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

കഴിഞ്ഞ ഏപ്രിലിലാണ് ഇമ്രാൻ ഖാന് അധികാരം നഷ്ടമായത്. അതിന് ശേഷം ഡസനിലേറെ കേസുകൾ അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post