ഇടത്‌ അംഗങ്ങൾ പ്രമേയത്തെ എതിർത്തു.

ഓമശ്ശേരി: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ്,ലേ ഔട്ട്‌ അപ്രൂവലിനുള്ള ഫീസ്‌,കെട്ടിട നികുതി,വിവിധ അപേക്ഷാ ഫീസുകൾ തുടങ്ങിയവ ജനങ്ങളെ പ്രയാസപ്പെടുത്തും വിധം സംസ്ഥാന സർക്കാർ വൻ തോതിൽ വർദ്ധിപ്പിച്ചതിനെതിരെ ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതി യോഗം പ്രമേയം പാസ്സാക്കി.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടിയാണ്‌ ഭരണസമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്‌.പഞ്ചായത്തംഗം പി.കെ.ഗംഗാധരൻ അനുവാദകനായിരുന്നു.

സർക്കാറിന്റെ തെറ്റായ നയങ്ങൾ കൊണ്ട്‌ നിത്യോപയോഗ സാധനങ്ങൾക്കുൾപ്പടെ ക്രമാതീതമായി വില വർദ്ധിച്ച്‌ ജനജീവിതം ദുസ്സഹമായിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഈ വൻ വർദ്ധനവ്‌ ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയും അനീതിയുമാണ്‌.സർക്കാറിന്റെ പുതിയ തീരുമാനം വഴി ഗ്രാമ പഞ്ചായത്തിന്‌ ഓൺ ഫണ്ട്‌ വർദ്ധിക്കുമെങ്കിലും പാവപ്പെട്ട ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തിയുള്ള വരുമാന വർദ്ധനവ്‌ പഞ്ചായത്തിന്‌ ആവശ്യമില്ല.കർഷകരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്നതാണ്‌ ഓമശ്ശേരി പഞ്ചായത്ത്‌.അവരെ ദ്രോഹിക്കുന്ന കടുത്ത നടപടികളോട്‌ യോജിക്കാനാവില്ല.നിരക്കുകൾ വലിയ തോതിൽ വർദ്ധിപ്പിച്ച്‌ കൊണ്ടുള്ള ഉത്തരവ്‌ സർക്കാർ പിൻവലിക്കണമെന്നും നിരക്ക്‌ നിശ്ചയിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അനുവദിച്ച്‌ നൽകണമെന്നും പ്രമേയം സർക്കാറിനോട്‌ ആവശ്യപ്പെട്ടു.

നീണ്ട ചർച്ചകൾക്കും വാദ പ്രതിവാദങ്ങൾക്കുമൊടുവിൽ നാലിനെതിരെ 13 വോട്ടോടെ പ്രമേയം പാസ്സാക്കി.യു.ഡി.എഫിലെ പന്ത്രണ്ടംഗങ്ങളും ഒരു സ്വതന്ത്രാംഗവും പ്രമേയത്തെ അനുകൂലിച്ചപ്പോൾ എൽ.ഡി.എഫിലെ നാലംഗങ്ങൾ പ്രമേയത്തെ എതിർത്തു.പ്രതിപക്ഷത്തെ കെ.ആനന്ദകൃഷ്ണൻ,പങ്കജവല്ലി എന്നിവർ ബോർഡ്‌ യോഗത്തിൽ പങ്കെടുത്തില്ല.പ്രസിഡണ്ട്‌ പി.അബ്ദുൽ നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.പി.സുഹറ,അംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,എം.എം.രാധാമണി ടീച്ചർ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,സീനത്ത്‌ തട്ടാഞ്ചേരി,പി.ഇബ്രാഹീം ഹാജി എന്നിവർ പ്രമേയത്തെ പിന്തുണച്ച്‌ സംസാരിച്ചു.എൽ.ഡി.എഫിലെ കെ.പി.രജിത,മൂസ നെടിയേടത്ത്‌,എം.ഷീല,ഡി.ഉഷാദേവി ടീച്ചർ എന്നിവർ പ്രമേയത്തെ എതിർത്ത്‌ സംസാരിച്ചു.

Post a Comment

Previous Post Next Post