ന്യൂഡൽഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കുള്ള ചികത്സ സംബന്ധിച്ച കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേരള ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. 
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. ഇരകൾക്കുള്ള നഷ്ടപരിഹാര വിതരണം പൂർത്തിയായതിനാൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കെതിരായ കോടതി അലക്ഷ്യ ഹർജിയിലെ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു.

എൻഡോസൾഫാൻ ദുരിത ബാധിതരുടെ ചികത്സ സംബന്ധിച്ച് നൽകാൻ കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച മേൽനോട്ടം വഹിക്കാനാണ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകിയത്. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരുന്ന കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

നഷ്ടപരിഹാര വിതരണം പൂർത്തിയാക്കായതായി ചീഫ് സെക്രട്ടറി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇരകൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരമായി നൽകിയത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് 3700 ൽ ഇരകൾക്ക് ഈ തുക സർക്കാർ കൈമാറിയത്.

എൻഡോസൾഫാൻ ഇരകളായ ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പി.എൻ രവീന്ദ്രനും, അഭിഭാഷകൻ പി.എസ് സുധീറും ഹാജരായി. സംസ്ഥാന ചീഫ് സെക്രട്ടറിക്കുവേണ്ടി സീനിയർ അഭിഭാഷാകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.


Post a Comment

Previous Post Next Post