ഓമശേരി: 'ഒരു ദിനം ഒരു വാർഡ്' മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് ഓമശ്ശേരി പഞ്ചായത്തിൽ ബഹുജന പങ്കാളിത്തത്തോടെ ഉജ്ജ്വല തുടക്കം.ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മഴക്കാലമെത്തും മുമ്പ് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് നടത്തുന്ന വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കൊണ്ടുള്ള പ്രതിരോധ-ബോധവൽക്കരണ പ്രവർത്തന പരിപാടികൾക്കാണ് തുടക്കമായത്.
മൂന്നാം വാർഡിലെ ചെമ്മരുതായി അങ്കണവാടി പരിസരത്ത് നടന്ന പഞ്ചായത്ത് തല ഉദ്ഘാടന സംഗമത്തിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,വാർഡ് മെമ്പർ എം.എം.രാധാമണി ടീച്ചർ,പഞ്ചായത്തംഗങ്ങളായ കെ.പി.രജിത,പി.കെ.ഗംഗാധരൻ,ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ,ടി.ഒ.മഞ്ജുഷ,വി.കെ.ഗീത(ജെ.പി.എച്ച്.എൻ)എന്നിവർ സംസാരിച്ചു.
ഓരോ വാർഡിലും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുഴുവൻ ആരോഗ്യപ്രവർത്തകരും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങളും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളും പഞ്ചായത്തിലെ മുഴുൻ ആശാ പ്രവർത്തകരും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഡിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഒരു ദിവസം കൊണ്ട് കയറിയിറങ്ങി ശുചിത്വ സജ്ജമാക്കുക എന്നതാണ് 'ഒരു ദിനം ഒരു വാർഡ്'കാമ്പയിൻ പരിപാടിയുടെ ലക്ഷ്യം.ബോധവൽക്കരണ ക്ലാസുകൾ,ശുചിത്വ അവബോധമുണ്ടാക്കുന്നതിനുള്ള ലഘു ലേഖ വിതരണം,പരിസര നിരീക്ഷണം,പ്രതിരോധ ജാഗ്രത തുടങ്ങിയവയാണ് യജ്ഞത്തിന്റെ ഭാഗമായി നടക്കുന്നത്.
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതിക്കുള്ളിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കാൻ വിവിധങ്ങളായ കർമ്മ പരിപാടികൾ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രം ആസൂത്രണം ചെയ്തിട്ടുണ്ട്.ബഹുജന പങ്കാളിത്തത്തോടെ മഴക്കാല പൂർവ്വ ശുചീകരണ കാമ്പയിൻ വൻ വിജയമാക്കാൻ വാർഡുകളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി പഞ്ചായത്തധികൃതർ അറിയിച്ചു.
ഫോട്ടോ:'ഒരു ദിനം ഒരു വാർഡ്' മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ പഞ്ചായത്ത് തല ഉൽഘാടനം ചെമ്മരുതായിയിൽ ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
Post a Comment