തിരുവനന്തപുരം: ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം, കെജിഎംഒഎ എന്നീ സംഘടനകള്‍ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു.
നാളെ രാവിലെ എട്ടു മണിവരെയാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സർക്കാർ, സ്വകാര്യ, മേഖലയിലെ മുഴുവൻ ഡോക്ടർമാരും സമരത്തിന്റെ ഭാഗമാകും. കോർപ്പറേറ്റ്, കോ–ഓപ്പറേറ്റീവ്, ഇഎസ്ഐ മേഖലയിലെ എല്ലാ ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. സംസ്ഥാന വ്യാപകമായി ഹൗസ് സർജന്മാരും പണിമുടക്കുകയാണ്.
ഡോക്ടർമാർക്കെതിരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെ കേരളത്തിന്റെ മനസാക്ഷി ഉണരണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി ആവശ്യപ്പെട്ടു.
ഡോക്ടർമാർക്ക് ആത്മവിശ്വാസത്തോടെ രോഗികളെ പരിശോധിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണം. ഈ വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഐഎംഎ സംസ്ഥാന കമ്മിറ്റി ചേരും. ഇതിൽ തുടർ സമരങ്ങളും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂള്‍ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ ഡോ.വന്ദനദാസ് കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്ക് കുത്തേറ്റിട്ടുമുണ്ട്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ചികിത്സയ്ക്കിടെ പ്രതി അക്രമാസക്തനാകുകയായിരുന്നു.
Post a Comment