താനൂര്‍ ബോട്ടപകടത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ പന്ത്രണ്ട് ജീവനുകള്‍. 
പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബാംഗങ്ങളാണ് മരിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ ഒരു വീട്ടിലും മൂന്ന് പേര്‍ മറ്റൊരു വീട്ടിലുമാണ് താമസിക്കുന്നത്.

പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജല്‍സിയ (45), ജരീര്‍ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍. കുടുംബത്തിലെ പതിനഞ്ച് പേര്‍ ഒരുമിച്ചാണ് വിനോദയാത്രയ്ക്ക് പോയത്. ഇവരില്‍ മൂന്ന് പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.

ഇന്നലെ വൈകീട്ട് എഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. സംഭവത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പത്ത് പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടതായി സ്ഥലം സന്ദര്‍ശിച്ച ശേഷം റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. 
മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍പസമയത്തിനകം താനൂരിലെത്തും.
 

Post a Comment

Previous Post Next Post